കണ്ണൂർ: സംസ്ഥാനത്ത് 100 ആംബുലൻസുകൾ കൂടി എത്തും. റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് അടിയന്തര ചികിത്സ ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സമഗ്ര ട്രോമാ കെയർ പദ്ധതിയുടെ ഭാഗമായിട്ടാണിത്. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഇവയുടെ സേവനം ലഭിക്കുക. 21-ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ഫ്ലാഗ് ഓഫ് ചെയ്യും. വൈകീട്ട് നാലിന് കണ്ണൂർ കളക്ടറേറ്റ് മൈതാനത്താണ് ചടങ്ങ്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും.

അപകടത്തിൽപ്പെടുന്നവരെ എത്രയും വേഗം ആസ്പത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ‘കനിവ്-108’ എന്ന പേരിൽ സംസ്ഥാനത്ത് നടപ്പാക്കിവരുന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനമാണ് കണ്ണൂരിൽ നടക്കുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എ.ഡി.എം. ഇ.പി.മേഴ്‌സി, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. എം.കെ.ഷാജ്, ദേശീയ ആരോഗ്യ ദൗത്യം ഡി.പി.എം. ഡോ. കെ.വി ലതീഷ്, കെ.എം.എസ്.സി.എൽ. ഡെപ്യൂട്ടി മാനേജർ രാജീവ് ശേഖർ, ഇ.എം.ആർ.ഐ. പ്രോജക്ട് മാനേജർ ശരവണൻ, കെ.എം.എസ്.സി.എൽ. കൺസൾട്ടന്റ് ഗിരീഷ് തുടങ്ങിയവർ സംബന്ധിച്ചു.

കണ്ണൂരിൽ 14 ആംബുലൻസ്

കണ്ണൂർ ജില്ലയ്ക്ക് 14 ആംബുലൻസുകളുടെ സേവനം തുടക്കത്തിൽ ലഭിക്കും. ജില്ലാ ആസ്പത്രി, തലശ്ശേരി ജനറൽ ആസ്പത്രി, പേരാവൂർ, കൂത്തുപറമ്പ്, പയ്യന്നൂർ, തളിപ്പറമ്പ് താലൂക്ക് ആസ്പത്രികൾ, പാനൂർ, ഇരിക്കൂർ, പിണറായി, മട്ടന്നൂർ, ഇരിവേരി, ഇരിട്ടി, പഴയങ്ങാടി സി.എച്ച്‌.സി.കൾ, വളപട്ടണം പി.എച്ച്.സി. എന്നിവിടങ്ങൾ കേന്ദ്രമാക്കിയാണ് ജില്ലയിൽ ‘കനിവ്-108’ ആംബുലൻസുകൾ സർവീസ് നടത്തുക. 24 മണിക്കൂറും ഇവയുടെ സേവനം ലഭ്യമാകും. അപകടങ്ങൾ കൂടുതൽ നടക്കുന്ന രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയും അപകടസാധ്യത കൂടിയ സ്ഥലങ്ങളിലും കൂടുതൽ ആംബുലൻസുകൾ ലഭ്യമാകുന്ന രീതിയിലായിരിക്കും പദ്ധതി നടപ്പാക്കുക.

പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 100 ആംബുലൻസുകൾ കഴിഞ്ഞമാസം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. സൗജന്യ ആംബുലൻസ് സേവനം ലഭ്യമാകുന്നതിനും നിർദേശങ്ങളും പരാതികളും പങ്കുവെക്കുന്നതിനും 1800 599 2270 എന്ന സൗജന്യ ടോൾഫ്രീ നമ്പരിൽ ബന്ധപ്പെടാം.