kannurകതിരൂർ: പൊന്ന്യം നായനാർ റോഡിലെ കതിരൂർ മനോജ് സേവാകേന്ദ്രത്തിനുനേരെ ബോംബെറിഞ്ഞ കേസിൽ ആർ.എസ്.എസ്. പ്രവർത്തകനെ കതിരൂർ പോലീസ് കോയമ്പത്തൂരിൽനിന്ന് അറസ്റ്റ്‌ചെയ്തു. എരഞ്ഞോളി കുടക്കളത്തെ പാലാപ്പറമ്പത്ത് വീട്ടിൽ പ്രബേഷിനെ (33) യാണ് തിങ്കളാഴ്ച രാത്രി പ്രിൻസിപ്പൽ എസ്.ഐ. എം.നിജീഷ്, കോൺസ്റ്റബിൾമാരായ ജോഷിത്ത്, വിജേഷ് എന്നിവർ ചേർന്ന് പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ തലശ്ശേരിയിലെത്തിച്ച പ്രബേഷിനെ തലശ്ശേരി ഡിവൈ.എസ്.പി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യംചെയ്തു.

ജനവരി 16-ന് പുലർച്ചെ ഒരു മണിയോടെയാണ് പൊന്ന്യം നായനാർ റോഡിൽ സ്റ്റീൽ ബോംബ് സ്‌ഫോടനം നടന്നത്. പോലീസ് പിക്കറ്റിന് നേരെയല്ല, സമീപത്തെ കതിരൂർ മനോജ് സേവാകേന്ദ്രത്തിന് നേരെയാണ് ബോംബെറിഞ്ഞതെന്ന് പ്രബേഷ് പോലീസിനോട് പറഞ്ഞു. പ്രദേശത്ത് ബോധപൂർവം സംഘർഷം സൃഷ്ടിക്കാനുള്ള നീക്കമാണ് പ്രതി നടത്തിയതെന്നും പ്രബേഷിന്റെ പേരിൽ പത്തോളം കേസുകളുണ്ടെന്നും ഡിവൈ.എസ്.പി. വേണുഗോപാൽ പറഞ്ഞു.

സംഭവദിവസം സമീപത്തെ പോലീസ് പിക്കറ്റ് പോസ്റ്റിനുനേരെ ബോംബെറിഞ്ഞെന്ന രീതിയിലാണ് കേസെടുത്തത്. സ്ഫോടനത്തിൽ പിക്കറ്റ് പോസ്റ്റിലുണ്ടയിരുന്ന പോലീസുകാർ അത്ഭുതകരമായാണ് പരിക്കില്ലാതെ രക്ഷപ്പെട്ടത്. ഉടൻതന്നെ പോലീസ് സമീപത്തെ സി.സി.ടി.വി. പരിശോധിച്ച് ആളെ തിരിച്ചറിഞ്ഞിരുന്നു.

content highlights; RSS worker arrested for bomb case