കണ്ണൂർ: ജില്ലയിൽ വ്യാപകമായി കണ്ണിന് വൈറസ് രോഗം പടരുന്നു എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയിൽ പരിഭ്രാന്തരാവേണ്ടതില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.നാരായണ നായ്ക് അറിയിച്ചു. ഇത് സാധാരണയായി കണ്ടുവരുന്ന കണ്ണിനെ ബാധിക്കുന്ന ചെങ്കണ്ണ് രോഗമാണ്. ജില്ലയിൽ സാധാരണ ഈ സീസണിലുണ്ടാകുന്ന ശരാശരി കേസുകൾ മാത്രമേ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.

കണ്ണിലെ ചുവപ്പുനിറം, കണ്ണിൽനിന്ന് വെള്ളം ചാടൽ, കണ്ണുകളിൽ അമിതമായി ചീപോള അടിയൽ, പ്രകാശം നോക്കാൻ ബുദ്ധിമുട്ട്, രാവിലെ കണ്ണുതുറക്കാൻ ബുദ്ധിമുട്ട്, ചെവിയുടെ മുന്നിൽ ഭാഗത്ത്‌ കഴലവീക്കം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ചിലർക്ക് കൺപോളകൾക്കും കണ്ണിനു ചുറ്റും നീരുവെക്കുകയും ചെയ്യുന്നു. അപൂർവം ചിലരിൽ നേത്രപടലത്തെ ഈ അസുഖം ബാധിക്കാറുണ്ട്. ചെങ്കണ്ണ് പൂർണമായും മാറാൻ സാധാരണ രണ്ടാഴ്ച സമയമെടുക്കും. ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ല. അടുത്തുള്ള പ്രാഥമിക, സാമൂഹിക, കുടുംബാരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ ലഭ്യമാണ്.

ജില്ലാ ആസ്പത്രി, ജനറൽ ആസ്പത്രി, താലൂക്ക് ആസ്പത്രി എന്നിവിടങ്ങളിൽ വിദഗ്ധ ചികിത്സ ലഭ്യമാണ്. രോഗം വന്നവർ പൊതുസ്ഥലങ്ങളിൽനിന്നും സ്കൂൾ, കോളേജ്, പൊതുയോഗങ്ങൾ നടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽനിന്നും വിട്ടുനിന്നാൽ രോഗപകർച്ച തടയാവുന്നതാണ്.

രോഗിയുടെ കണ്ണിൽനിന്നുള്ള സ്രവം പറ്റിപ്പിടിച്ച സ്ഥലങ്ങളിൽ മറ്റുള്ളവർ തൊടുകയും ആ കൈകൊണ്ട് സ്വന്തം കണ്ണിൽ തൊടുകയും ചെയ്യുമ്പോഴാണ് ഈ അസുഖം പകരുന്നത്. കൈകൾ ഇടയ്ക്കിടെ കഴുകുന്നതിലൂടെയും കണ്ണിൽ തൊടാതിരിക്കുന്നതിലൂടെയും ചെങ്കണ്ണ് പടരുന്നത് തടയാൻ സാധിക്കുമെന്നും ഡി.എം.ഒ. അറിയിച്ചു.