പയ്യന്നൂർ: അനധികൃത മണ്ണെടുപ്പ് രാമന്തളി കക്കംപാറയിൽ ഭൂമിയിൽ വിള്ളലുണ്ടാക്കുന്നതായി പരാതി. തട്ടുതട്ടായിക്കിടക്കുന്ന ചെങ്കൽക്കുന്നുകളിടിച്ചാണ് മണ്ണെടുപ്പ്.

അനുമതി വാങ്ങിയെന്ന് പ്രദേശവാസികളെ തെറ്റിധരിപ്പിച്ചാണ് രാമന്തളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണെടുപ്പ് നടത്തുന്നത്. ഒടുവിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമായപ്പോൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനധികൃത ഖനനത്തിനെതിരേ ജാഗ്രതാസമിതികൾ രൂപവത്കരിച്ചു. ജനപ്രതിനിധികളും നാട്ടുകാരും റവന്യൂ ഉദ്യോഗസ്ഥരുമെല്ലാമടങ്ങിയ ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ മണ്ണ് കടത്തിയ ഒട്ടേറെ ലോറികളും മറ്റും പിടികൂടി. ഇതോടെയാണ് മണ്ണെടുപ്പ് കുറഞ്ഞത്. നടപടി തുടങ്ങിയതോടെ ജാഗ്രതാ സമിതിയിലെ അംഗങ്ങൾക്ക് ഭീഷണിയും മറ്റും നേരിടേണ്ടിവന്നു. എങ്കിലും പഞ്ചായത്തിലെ ഏഴിമല ഉൾപ്പെടെയുള്ള പ്രദേശത്ത് ഇപ്പോഴും മണ്ണെടുപ്പ് തുടരുന്നുണ്ട്. നേരത്തേ മണ്ണെടുത്തുനിർത്തിയ പ്രദേശങ്ങളിൽ ശക്തമായ മഴയത്ത് മണ്ണിടിച്ചിലും തുടങ്ങി. ഇത്തരത്തിൽ മണ്ണെടുപ്പ് നടത്തി ബാക്കിയായ കക്കംപാറയിലെ കുന്നിന്റെ വശങ്ങളിലാണ് കഴിഞ്ഞദിവസം വിള്ളലുണ്ടായത്. ഏതുസമയത്തും അടർന്നുവീഴാവുന്ന രീതിയിലുള്ളതാണ് കഴിഞ്ഞദിവസമുണ്ടായ വിള്ളലുകൾ. ഉള്ളിൽ ചേടിനിറഞ്ഞ അടുക്കുകളായ പാറകൾ ഒന്നിനുപുറകെ ഒന്നായി ഇടിഞ്ഞുവീഴാൻ സാധ്യത കൂടുതലാണെന്ന് കഴിഞ്ഞദിവസം ഇവിടം സന്ദർശനം നടത്തിയ ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കുന്നിന്റെ മുകളിലും താഴ്‌വാരത്തുമായി താമസിക്കുന്നത്‌ സാധാരണക്കാരായ ആളുകളാണ്. ഇവിടെ നടത്തിയ അനധികൃത കെട്ടിടനിർമാണങ്ങളുൾപ്പെടെ മണ്ണിടിഞ്ഞ് തകരും. കക്കംപാറയിൽ ഭൂമിക്ക്‌ വിള്ളൽ കണ്ടെത്തിയതോടെ രാമന്തളി പഞ്ചായത്തിലെ മണ്ണെടുപ്പ് നേരിട്ട മറ്റ് പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളും ഭീതിയിലാണ്. മണ്ണ് ഖനനം ചെയ്തെടുത്ത ഭാഗത്ത് ഭൂമിയിൽ പിളർപ്പും ഉപരിതലം ഉയർന്നുവന്നതായും കാണ്ടതോടെ ജനം ഭീതിയിലായി.