കൊട്ടിയൂർ : തുള്ളിക്കൊരുകുടം പെയ്യുന്ന കർക്കടകത്തിൽ വീട്ടിലിരിക്കുമ്പോൾ ആവി പറക്കുന്ന ചക്കപ്പുഴുക്കും കട്ടൻ കാപ്പിയും കിട്ടിയാൽ കൊള്ളാമെന്നാഗ്രഹിക്കാത്തവരുണ്ടാകുമോ. പക്ഷേ മഴക്കാലത്ത് ചക്ക എവിടെ കിട്ടും? കിട്ടിയാൽത്തന്നെ വെള്ളം കുടിച്ച് രുചി നഷ്ടമായതും.

ഉണക്കിയാലോ ഫ്രിഡ്ജിൽ വെച്ചാലോ സ്വാഭാവിക സ്വാദുണ്ടാവുകയുമില്ല. മലയാളിയുടെ ഈ ചക്കക്കൊതി മനസ്സിലാക്കി കൊട്ടിയൂരിലെ കർഷകർ സംരംഭം തുടങ്ങി. സംരംഭത്തിനു പിന്നിലും ഒരു കഥയുണ്ട്.

ഏകദേശം 26 വർഷം മുൻപാണ് കണ്ടപ്പനത്തെ ചിറത്തറ പാപ്പച്ചൻ പറമ്പിൽ പ്ലാവിൻതൈ വച്ചത്. ആ പ്ലാവിന്റെ കഥ പാപ്പച്ചൻ പറയുന്നതിങ്ങനെ. ‘അഞ്ചുവർഷമായപ്പോൾ പ്ലാവ് കായ്ക്കാൻ തുടങ്ങി. സാധാരണ ജനുവരി മുതൽ ജൂലായ് വരെയാണ് ചക്കസീസണെങ്കിൽ ഏപ്രിൽ മുതൽ നവംബർ വരെയാണ് ഈ പ്ലാവിൽ ചക്ക കായ്ക്കുന്നത്. സാധാരണ ചക്കയെക്കാൾ മടലിന് കട്ടി കൂടുതലായതിനാൽ കനത്ത മഴക്കാലത്തും ചക്കയിൽ ഒട്ടും വെള്ളമിറങ്ങില്ല. രുചിക്കുറവുമില്ല. വേവിക്കാനും വറക്കാനും ഗുണപ്രദം. ഒരു സീസണിൽ തന്നെ നൂറുകണക്കിന് ചക്കകളാണ് ഈ ഒരുപ്ലാവിൽ കായ്ക്കുന്നത്’ -പ്ലാവും ചക്കയും താരമായതോടെ ഇദ്ദേഹത്തിന്റെ മനസ്സിൽ മറ്റൊരു ചിന്ത വന്നു.

ചുങ്കക്കുന്നിലെ കാരക്കാട്ട് തങ്കച്ചൻ എന്ന കർഷകനെയും കൂട്ടി ഈ പ്ലാവിൻ തൈകൾ ഉത്പാദിക്കാൻ തുടങ്ങിയിരിക്കുകയാണ്. വിവിധ തരം പ്ലാവുകളുടെ ശേഖരമുള്ള മികച്ച കർഷകനായ തങ്കച്ചന്റെ അറിവുംകൂടി ചേർന്നപ്പോൾ ഇവരുടെ സംരംഭം കൂടകളിൽ വളർന്നു തുടങ്ങി.

വ്യത്യസ്തതകൾ ചേർന്ന പ്ലാവിനമായതിനാൽ ഒരു പേരുമിട്ടു -'അതിശയ ജാക്ക്'. ഗ്രാഫ്റ്റ്, ബഡ്ഡ് രീതിയിലാണ് തൈകൾ ഉത്‌പാദിപ്പിക്കുന്നത്. മൂന്നാംവർഷം മുതൽ ഈ പ്ലാവുകൾ കായ്ച്ചു തുടങ്ങുമെന്ന് തങ്കച്ചൻ പറയുന്നു. അതിശയ ജാക്ക് കേട്ടറിഞ്ഞ് നിരവധി ആളുകളാണ് തൈ വാങ്ങാൻ തങ്കച്ചന്റെ നഴ്സറിയിലെത്തുന്നത്.