KANNUR
ചിറക്കല്‍ കയ്യാലവളപ്പിലെ കാടുപിടിച്ച കനാല്‍വഴി

പുതിയതെരു: കയ്യാലവളപ്പ്‌ പ്രദേശക്കാർക്ക് അവരവരുടെ വീടുകളിലെത്താൻ വർഷങ്ങളായി പൊതുവഴിയില്ല. പഴശ്ശി പദ്ധതിയിൽനിന്ന് അടുത്ത വയലിലെ കൃഷിക്കായി വെള്ളം ഒഴുകിപ്പോകാൻ 35 വർഷംമുമ്പ് നിർമിച്ച കനാൽക്കരയിലൂടെയാണ് യാത്ര. ഇപ്പോഴത് ദുരിതയാത്രയായി. ചിറക്കൽ പഞ്ചായത്ത് പതിമ്മൂന്നാം വാർഡിൽപ്പെട്ട കൊറ്റാളി തീപ്പെട്ടിക്കമ്പനിക്ക് സമീപമാണ് കയ്യാലവളപ്പ്.

പണ്ട് ഈഭാഗത്ത് വീടുകൾ കുറവായിരുന്നു. പറമ്പുകളിലും വയലുകളിലും വീടുവർധിച്ചതോടെ യാത്രാപ്രശ്നവും രൂക്ഷമായി. പലപ്പോഴും പലരുടെയും പറമ്പുകളിലൂടെയാണ് വഴിനടന്നുപോകുന്നത്. മഴക്കാലത്ത് ഇത്‌ ദുരിതയാത്രയായി. ഇവിടെ ഏതാണ്ട് അൻപതോളം വീട്ടുകാർ താമസിക്കുന്നു. വീട്ടിൽനിന്ന് പുറത്തേക്ക് പോകണമെങ്കിലും തിരിച്ചെത്തണമെങ്കിലും കനാലിന്റെ സിമന്റിട്ട ഒറ്റയടിപ്പാതയാണ് ഉപയോഗിക്കുന്നത്. ഒരുകാൽവെക്കാൻ സ്ഥലമുള്ള പാതയിലെ ഒരുവശം ആഴമേറിയ താഴ്ചയാണ്. പകൽസമയത്തുപോലും പേടിയോടെയാണ് നടന്നുപോകുന്നത്. രാത്രി പലർക്കും യാത്രചെയ്യുമ്പോൾ വീണ് പരിക്കേറ്റിരുന്നു.

തെരുവുവിളക്കില്ലാത്തത്തിനാൽ യാത്ര ഏറെ ദുരിതമാണ്. അസുഖമായാൽ ആസ്പത്രിയിലെത്തിക്കുക പ്രയാസം. പലപ്പോഴും വാഹനം വീടുവഴിയെത്താനാകാതെ രോഗികളെ കസേരയിലിരുത്തിയാണ് കൊണ്ടുപോകുന്നത്. സ്കൂൾ കാലമായാൽ രക്ഷിതാക്കൾ കുട്ടികളെ ചുമന്നാണ് കനാൽവഴിയിലൂടെ കടക്കുന്നത്.

റോഡാക്കണം

ഏതാണ്ട് 70 അടി നീളമുള്ള കനാൽ മണ്ണിട്ട്‌ ഓട്ടോ പോകേണ്ട വീതിയിൽ റോഡാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അതിനാവശ്യമായി ഏതാണ്ട് മൂന്നുമീറ്റർ പൊതുസ്ഥലവുമുണ്ട്. കനാലിന്റെ തുടക്കത്തിലും അവസാനിക്കുന്ന ഭാഗത്തും മണ്ണുവീണ് റോഡായിമാറിയിട്ടുണ്ട്. വീട് നിർമിച്ചവർ തലച്ചുമടായാണ് ചെങ്കല്ല്, സിമന്റ് തുടങ്ങിയ കെട്ടിടനിർമാണ വസ്തുക്കൾ കടത്തിയത്. ഭീമമായ കടത്തുകൂലിയും കൊടുത്തിരുന്നു.

ഇറിഗേഷൻ വകുപ്പ് കനിയണം

പഴശ്ശി പദ്ധതിപ്രദേശമൊക്കെ നിർമാണപ്രവർത്തനം നടത്തിയത് ഇറിഗേഷൻ വകുപ്പാണ്. അവരുടെ അനുമതിവേണമെന്നാണ് ചിറക്കൽ ഗ്രാമപ്പഞ്ചായത്തധികൃതർ പറയുന്നത്. ചിറക്കൽ പഞ്ചായത്തിനെയും കണ്ണൂർ കോർപ്പറേഷൻ പ്രദേശത്തെയും വേർതിരിക്കുന്ന പുഴാതി അതിർത്തിസ്ഥലമായതിനാൽ ആര് മുൻകൈയെടുക്കണമെന്നതും തർക്കമാണ്. ഇരു ഗ്രാമസഭകളിലും പ്രശ്നമുയർത്തിയിരുന്നതാണ്. കയ്യാലവളപ്പിലേക്കും കയ്യാലവയലിലേക്കും രണ്ടുവഴികളിലൂടെ പണ്ടുകാലത്ത് കനാലുണ്ട്. കയ്യാലവയലിലേക്കുള്ള കനാൽ ചിലർചേർന്ന് തടസ്സപ്പെടുത്തിയതിനാൽ മഴക്കാലത്ത് കുത്തിയൊലിച്ചുവരുന്ന ജലംകൊണ്ട് കയ്യാലവളപ്പ് തടാകമാവുന്നതായും പരാതിയുണ്ട്. മഴയ്ക്കുമുമ്പെ പ്രശ്നത്തിന് താത്‌കാലിക പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.