ചൊക്ലി : ഒരു മറയുമില്ലാതെ വർഗീയത രാജ്യത്ത് അഴിഞ്ഞാടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പന് ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ച സ്നേഹവീടിന്‍റെ താക്കോൽ കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോർത്ത് മേനപ്രത്ത് പുതുക്കുടി തറവാടിന് സമീപം നിർമിച്ച വീടിന്റെ താക്കോലാണ് പുഷ്പന് മുഖ്യമന്ത്രി കൈമാറിയത്. ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റ്‌ എ.എ. റഹീം അധ്യക്ഷത വഹിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് മനു തോമസ്, സെക്രട്ടറി എം. ഷാജർ വി.കെ. സനോജ്, എം. വിജിൻ എം.എൽ.എ., സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം എ.എൻ. ഷംസീർ എം.എൽ.എ., ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജൻ, പി. ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു.