നടുവിൽ: മലയോരത്ത് പുനംകൃഷിയിടങ്ങളിൽ കൊയ്ത്ത് തുടങ്ങി. നടുവിൽ കൃഷിഭവൻ പരിധിയിൽ മാത്രം 15 ഏക്കറിൽ ഈ വർഷം പുനംകൃഷി ചെയ്തിട്ടുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലം കൃഷിയുടെ അളവ് കൂടിയിട്ടുണ്ട്. അരങ്ങ്, താറ്റ്യാട്, ബക്കിരി മലകളിലാണ് പ്രധാന കൃഷി. അരങ്ങിൽ 7 പേർ ചേർന്ന് 5 ഏക്കറിലാണ് കൃഷിയിറക്കിയത്.

ചാമയും തുവരയും പച്ചക്കറികളും നെല്ലിനൊപ്പം കൃഷിചെയ്യുന്നുണ്ട്. താറ്റ്യാട്ടെ പുതുശ്ശേരി നാരായണി, രോഹിണി, കല്ലാ ചാമൻ എന്നിവർ പതിറ്റാണ്ടുകളായി പുനംകൃഷി ചെയ്യുന്നവരാണ്. തലമുറകളായി കൈമാറിക്കിട്ടിയതാണ് നെൽവിത്തുകൾ. കയമയും പാൽക്കയമയും ആണ് പ്രധാന വിത്തുകൾ.

അടിക്കാട് വെട്ടി തീയിട്ട് നിലമൊരുക്കി മഴയ്ക്ക് മുൻപ്‌ വിതയ്ക്കുന്ന രീതിയാണ് ഇപ്പോഴും തുടരുന്നത്. ആവശ്യത്തിന് സ്ഥലം കിട്ടാത്തതാണ് പ്രധാന തടസ്സം. റബ്ബർമരങ്ങൾ മുറിച്ചൊഴിഞ്ഞ സ്ഥലങ്ങളാണ് കൃഷിക്കായി തിരഞ്ഞെടുക്കുന്നത്. മോശമല്ലാത്ത വിളവ് എല്ലാ വർഷവും കിട്ടുന്നുണ്ടെന്ന് കർഷകർ പറയുന്നു. ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരാണ് കൃഷിക്കാർ. കൊയ്ത്തുകഴിഞ്ഞ ഉടനെ വിത്ത് പ്രത്യേകമായി പൊതികെട്ടി സൂക്ഷിച്ചുവയ്ക്കും.

chama
പുനം കൃഷിസ്ഥലത്ത്
പാകമായി നില്‍ക്കുന്ന ചാമ

നെല്ലിനൊപ്പം ബാക്കിയായത് ചാമ മാത്രം

പഴയതലമുറ പുനംകൃഷിയിൽ നെല്ലിനൊപ്പം പ്രധാനധാന്യങ്ങളെല്ലാം കൃഷി ചെയ്തിരുന്നു.ചോളം,മുത്താറി, ചാമ, തിന എന്നിവ ഇതിൽപ്പെടും. റബ്ബറിന്റെ വരവോടെ പുനംകൃഷി കുറഞ്ഞുവന്നു. കാലം മാറിയപ്പോൾ വിത്തുകൾ പലതും നഷ്ടപ്പെട്ടു. ഇപ്പോൾ ചാമയും ചോളവും മാത്രമേ ബാക്കിയുള്ളൂ. തുവര, പയർ, മത്തൻ, വെള്ളരി, കുമ്പളം തുടങ്ങിയവയും അപൂർമായി കൃഷിചെയ്യുന്നുണ്ട്.