പയ്യന്നൂർ: നാടകം സമരായുധമാക്കി സാമൂഹികപ്രവർത്തക ദയാബായി കണ്ടങ്കാളി പെട്രോളിയം പദ്ധതിവിരുദ്ധ സമരത്തിനെത്തി. പെട്രോളിയം പദ്ധതിക്കെതിരേ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ 81-ാം ദിവസമാണ് സമരപ്പന്തലിൽ ദയാബായി ഏകാംഗനാടകവുമായെത്തിയത്. ജനങ്ങൾക്ക് ദുരിതം സമ്മാനിക്കുന്നതും പരിസ്ഥിതിയെ തകർക്കുന്നതുമായ കണ്ടങ്കാളി പദ്ധതിക്കെതിരായ സമരത്തിന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി പിന്തുണ പ്രഖ്യാപിച്ചു. ദയാബായിയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് സമരപ്പന്തലിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു.

കണ്ടങ്കാളി പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ദയാബായിയുടെ നേതൃത്വത്തിൽ എൻഡോസൾഫാൻ പീഡിത മുന്നണി പ്രവർത്തകർ മുഖ്യമന്ത്രിക്ക് കത്തയച്ചു. കണ്ടങ്കാളിയിലെ കർഷകനായ എൻ.കെ.ഭാസ്കരൻ വിളയിച്ച കുഞ്ഞിനെല്ലിന്റെ വിത്ത് കണ്ടങ്കാളിയിലെ കർഷകത്തൊഴിലാളിസ്ത്രീകൾ ദയാബായിക്ക് കൈമാറി.

കണ്ടങ്കാളി ജനകീയസമരസമിതി ചെയർമാൻ ടി.പി.പദ്‌മനാഭൻ അധ്യക്ഷതവഹിച്ചു. അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ, അഡ്വ. ടി.വി.രാജേന്ദ്രൻ, പി.ഷൈനി, പ്രേമചന്ദ്രൻ ചോമ്പാല, പി.ജെ.ആന്റണി, അപ്പുക്കുട്ടൻ കാരയിൽ, അത്തായി ബാലൻ തുടങ്ങിയവർ സംസാരിച്ചു.

content highlights; protest against kandankali petrolium project