കണ്ണൂർ: രാത്രികാലങ്ങളിൽ ജില്ലയിലെ പലയിടങ്ങളിലും വൈദ്യുതിമുടക്കം പതിവാകുന്നു. മുന്നറിയിപ്പില്ലാതെയാണ് അരമണിക്കൂറോളം വൈദ്യുതി തടസ്സപ്പെടുന്നത്. ഒരുഭാഗത്ത് വൈദ്യുതിയെത്തുമ്പോഴേക്കും തൊട്ടടുത്ത സ്ഥലം ഇരുട്ടിലാവും. മുൻകൂട്ടി അറിയിക്കാതെയുള്ള പവർകട്ട് കാരണം ഇരുട്ടിലിരിക്കേണ്ട അവസ്ഥയിലാണ് ജനം.

വൈദ്യുതി സെക്‌ഷനുകളിൽനിന്ന് പവർകട്ട് ഏർപ്പെടുത്തിയതായി അറിയിപ്പൊന്നും പൊതുജനത്തിന് നൽകിയിട്ടില്ല. എന്നാൽ, കുറച്ചുദിവസങ്ങളായി സ്ഥിരമായി അരമണിക്കൂറോളം തുടർച്ചയായി വൈദ്യുതി മുടങ്ങുകയാണ്. കണ്ണൂർ നഗരത്തിൽ പ്രധാനകേന്ദ്രങ്ങളിൽ മിക്കയിടത്തും വ്യാഴാഴ്ച ഇരുൾപരന്നതിനുശേഷമാണ് വൈദ്യുതിയെത്തിയത്. പ്രസ്‌ ക്ലബ്ബ് റോഡിലെ യുദ്ധസ്മാരക കവലയിൽ വ്യാഴാഴ്ച രാത്രി വൈകുവോളും കൂരിരുട്ടാണ്. വാഹനങ്ങളുടെ വെട്ടം മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ. ചാല, നടാൽ, കൊശോർമൂല, കാടാച്ചിറ, മാളികപ്പറമ്പ് എന്നിവിടങ്ങളിൽ ദിവസങ്ങളായി ഇത്തരത്തിലുള്ള അപ്രഖ്യാപിത പവർകട്ട് തുടരുകയാണ്.

കാരണം അണക്കെട്ടുകളുടെ അറ്റകുറ്റപ്പണി

പ്രളയദുരന്തത്തെത്തുടർന്ന് മിക്ക അണക്കെട്ടുകളിലും അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് പലസ്ഥലങ്ങളിലായി വൈദ്യുതിവിതരണം കുറച്ചുസമയത്തേക്ക് നിർത്തിവെയ്ക്കുന്നതെന്നാണ് കെ.എസ്.ഇ.ബി. അധികൃതർ നൽകുന്ന വിശദീകരണം. സെക്‌ഷൻ ഓഫീസുകളിൽ ഇതുസംബന്ധിച്ച് മുൻകൂട്ടിയുള്ള അറിയിപ്പ് ലഭിക്കാറില്ല. സബ്‌ സ്റ്റേഷനിൽനിന്ന് വിളിച്ചുപറയുന്നതനുസരിച്ച് പലഭാഗത്തേക്കുമുള്ള വൈദ്യുതിവിതരണം അരമണിക്കൂറോളം നിർത്തിവെയ്ക്കുകയാണ് ചെയ്യുന്നത്.

ഉത്തര കേരളത്തിലെ വൈദ്യുതിവിതരണം കൂടുതലും കക്കയം അണക്കെട്ടിൽനിന്നാണ്. കക്കയം അണക്കെട്ടിലും ചെളി അടിഞ്ഞതിനെത്തുടർന്ന് അറ്റകുറ്റപ്പണി നടക്കുകയാണ്. അതിനാൽ ജില്ലയുടെ പലഭാഗങ്ങളിലും വൈദ്യുതി ഉപയോഗം കൂടുതലുള്ള സമയങ്ങളിൽ വൈദ്യുതിവിതരണം നിർത്തിവെയ്ക്കേണ്ട അവസ്ഥയാണെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകാത്തതാണ് ജനങ്ങൾക്ക് ബുദ്ധിമുട്ടാവുന്നത്. സമയവും സ്ഥലവും നിശ്ചയിച്ച് മുൻകൂട്ടി അറിയിച്ചാൽ പ്രയാസങ്ങൾ ഒഴിവാക്കാം.