മൂന്നുപെരിയ: വിദ്യാലങ്ങളെയും വിദ്യാർഥികളെയും ലഹരി മാഫിയ ലക്ഷ്യമിടുന്നുണ്ടെന്നും കുട്ടികൾ കൂടുതൽ സാമൂഹികപ്രതിബദ്ധതയോടെ പെരുമാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധർമടം മണ്ഡലം വിദ്യാഭ്യാസസമിതി, ധർമടം മണ്ഡലം എഡ്യുക്കേഷണൽ ആൻഡ് കൾച്ചറൽ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി., പ്ലസ്ടു ഉന്നത വിജയികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച വിജയോത്സവം-2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആൺ-പെൺ വ്യത്യാസമില്ലാതെ പ്രതിഭാശാലികളായ കുട്ടികളുടെ മുന്നേറ്റത്തെ തടസ്സപ്പെടുത്തുകയാണ് ലഹരിമാഫിയ. ഇത്തരക്കാരുടെ പിടിയിൽ അകപ്പെടാതിരിക്കാൻ വിദ്യാർഥികൾ ശ്രദ്ധിക്കണം. അതിനാൽ ആവശ്യമുള്ളതുമാത്രം സ്വീകരിക്കാൻ കഴിയണം. പഠനവുമായി ബന്ധപ്പെട്ടും മറ്റും മൊബൈൽ ഫോൺ ഗുണകരമാണെങ്കിലും അതിന്റെ ചതിക്കുഴികളിൽപ്പെട്ടുപോകരുത് -അദ്ദേഹം പറഞ്ഞു.

കാലത്തിനനുയോജ്യമായ രീതിയിൽ വിദ്യാലയങ്ങളെ പ്രാപ്തമാക്കുക എന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യ വികസനം, അക്കാദമികരീതി, എല്ലാവർക്കും തുല്യമായ പഠനസൗകര്യം എന്നിവയിലെല്ലാം വന്ന മാറ്റങ്ങൾ സമൂഹം അംഗീകരിച്ചു. കുട്ടികളിലും ഇത് മാറ്റമുണ്ടാക്കി. ഈ വർഷംതന്നെ മുഴുവൻ എൽ.പി., യു.പി. ക്ലാസ് മുറികളും നവീകരിക്കും -മുഖ്യമന്ത്രി പറഞ്ഞു.

മൂന്നുപെരിയ താജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ധർമടം മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് മേഖലയിലെ 12 വിദ്യാലയങ്ങളെയും 646 വിദ്യാർഥികളെയും അനുമോദിച്ചു. സ്വീഡനിൽ നടക്കുന്ന ലോക ക്ലാസിക് പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന എം.എം.ദിൽനയെ ആദരിച്ചു. ചെമ്പിലോട് പഞ്ചായത്ത് സ്നേഹസ്പർശം ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്ററിന് നൽകുന്ന വാഹനത്തിന്റെ താക്കോൽദാനവും മുഖ്യമന്ത്രി നിർവഹിച്ചു.

മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലൻ അധ്യക്ഷത വഹിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി.മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗം പി.ഗൗരി, ധർമടം മണ്ഡലം വിദ്യാഭ്യാസ സമിതി കൺവീനർ എ.മധുസൂദനൻ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.പി.നിർമലാദേവി തുടങ്ങിയവർ സംസാരിച്ചു.