പിണറായി : പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കി, പുതിയ കെട്ടിടസമുച്ചയത്തിന് രൂപരേഖയുമായി. പക്ഷേ പ്രവൃത്തി തുടങ്ങാനാവാതെ പ്രതിസന്ധിയിലാണ് പിണറായി സാമൂഹിക ആരോഗ്യ കേന്ദ്രം.

സ്പെഷ്യാലിറ്റി ആസ്പത്രിയായി ഉയർത്തുന്നതിന്റെ ഭാഗമായാണ് കെട്ടിടങ്ങൾ പൊളിച്ചത്. ഓഫീസ് കെട്ടിടം, കോൺഫറൻസ് ഹാൾ, ക്വാർട്ടേഴ്സ്, ഹെൽത്ത് ഇൻസ്പെക്ടറുടെ കാര്യാലയം ഉൾപ്പെടെയുള്ളവയാണ് പൊളിച്ചുനീക്കിയത്.

മുഖ്യമന്ത്രിയാണ് നിർമാണപ്രവർത്തിയുടെ ശിലാസ്ഥാപനം നിർവഹിച്ചത്. വിദേശത്ത് ആരോഗ്യരംഗത്ത്‌ നിക്ഷേപങ്ങളുള്ള വ്യവസായിയാണ് സ്പെഷ്യാലിറ്റി ആസ്പത്രി കെട്ടിടസമുച്ചയം സൗജന്യമായി നിർമിച്ചുനൽകാമെന്ന് ഏറ്റത്.

എന്നാൽ മുതൽമുടക്കാമെന്നേറ്റ വ്യവസായി സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് പിൻമാറിയതായാണ് ലഭിക്കുന്ന വിവരം. ആറ് മാസത്തിലേറെയായി നിർമാണപ്രവർത്തനങ്ങൾ തുടങ്ങാനാവാതെ നിലച്ചമട്ടാണ്.

സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ പരക്കംപായുന്നതിനിടയിലാണ് പിണറായിയിൽ ആസ്പത്രി കെട്ടിടനിർമാണം പൂർത്തീകരിക്കാനാവാതെ ഉഴലുന്നത്.കെട്ടിട നിർമാണത്തിൽനിന്ന് വ്യവസായി പിൻവാങ്ങിയതായുള്ള അറിയിപ്പ് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നും എന്നാൽ അദ്ദേഹത്തിന്റെ വ്യവസായങ്ങൾ പ്രതിസന്ധിനേരിടുന്നതായി മനസ്സിലാക്കുന്നതായും മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലൻ പറഞ്ഞു. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.