മട്ടന്നൂർ: പട്ടണത്തിൽ സി.സി.ടി.വി. ക്യാമറകളൊരുക്കുന്നതിന് തൂണുകൾ സ്ഥാപിച്ചത് ഗതാഗതക്കുരുക്കിനിടയാക്കുന്നതരത്തിൽ. കണ്ണൂർ, തലശ്ശേരി റോഡുകളിൽ വ്യാപാര പരസ്യങ്ങളുടെ ബോർഡുകൾ സഹിതമുള്ള തൂണുകളാണ് സി.സി.ടി.വി. ക്യാമറകൾക്കായി സ്ഥാപിച്ചിരിക്കുന്നത്. വ്യാപാരസ്ഥാപനങ്ങളുടെ കൂറ്റൻ പരസ്യബോർഡുകൾ സഹിതമാണ് റോഡരികിൽ സി.സി.ടി.വി. സ്ഥാപിച്ചിരിക്കുന്നത്.

വിമാനത്താവളം നവംബർ ഒന്നിന് ഉദ്ഘാടനംചെയ്യാനിരിക്കെ, ഇരട്ടി വാഹനങ്ങളെയാണ് മട്ടന്നൂരിലെ റോഡുകൾക്ക്‌ ഉൾക്കൊള്ളേണ്ടതായിവരിക. പട്ടണത്തിലെ റോഡുകൾ വളരെ ഇടുങ്ങിയതാണെന്നതിനാൽ പരസ്യങ്ങൾ സഹിതമുള്ള തൂണുകൾ റോഡിന് സമീപത്തായി സ്ഥാപിച്ചിരിക്കുന്നത് രൂക്ഷമായ ഗതാഗതക്കുരുക്കിനും അപകടത്തിനുമിടയാക്കും.

നടപ്പാതയിലേക്ക് തൂണുകൾ മാറ്റിസ്ഥാപിക്കണമെന്നാണ് വിവിധ സംഘടനകൾ പറയുന്നത്.

മുൻ ഉത്തരവിന്റെ ലംഘനം

ഹൈവേകളിൽ കൂറ്റൻ പരസ്യബോർഡുകൾ സ്ഥാപിക്കുന്നത് നിയന്ത്രിച്ച കളക്ടറുടെ മുൻ ഉത്തരവിന്റെ പരസ്യമായ ലംഘനമാണ് ഇവിടെ നടക്കുന്നത്. 2016-ൽ കണ്ണൂർ-മട്ടന്നൂർ റോഡിൽ അപകടങ്ങൾ പതിവായതോടെ വലിയ പരസ്യബോർഡുകൾ റവന്യൂ അധികൃതർ ഇടപെട്ട് നീക്കംചെയ്യുകയും ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. റോഡുസുരക്ഷാ സമിതിയുടെ ശുപാർശയെത്തുടർന്ന് കളക്ടർ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു മുഴുവൻ ബോർഡുകളും നീക്കംചെയ്തത്.

റോഡുകളിലെ തൂണുകൾ മാറ്റിസ്ഥാപിക്കണം -കോൺഗ്രസ്

മട്ടന്നൂർ: പട്ടണത്തിലെ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുന്നതിനായി റോഡിൽ സ്ഥാപിച്ചിരിക്കുന്ന പരസ്യബോർഡുകൾ ഉൾക്കൊള്ളുന്ന തൂണുകൾ ഉടൻ മാറ്റിസ്ഥാപിക്കണമെന്ന് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഈ തൂണുകൾക്കുമേൽ വ്യാപാര പരസ്യബോർഡുകൾ സ്ഥാപിക്കാനാണ് നീക്കം. ക്യാമറയുടെതെന്ന് പറയുന്ന തൂണുകൾ റോഡിൽത്തന്നെയാണ് സ്ഥാപിച്ചിരിക്കുന്നത്. മട്ടന്നൂർ ടൗൺ ഇപ്പോൾത്തന്നെ ഗതാഗതക്കുരുക്കിലാണ്. വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ ഇത് രൂക്ഷമാകും. അപകടങ്ങൾക്കിടയാക്കുന്ന തീരുമാനമാണിത്. വ്യാപാരക്കണ്ണുകളോടെ ജീവന്‌ ഭീഷണിയുണ്ടാക്കുന്നതരത്തിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന തൂണുകൾ നടപ്പാതയിലേക്ക് മാറ്റണം. മണ്ഡലം പ്രസിഡന്റ് എം.ദാമോദരൻ യോഗത്തിൽ അധ്യക്ഷനായിരുന്നു.

ജീവന്‌ ഭീഷണിയാകുന്ന തൂണുകൾ മാറ്റണം -ബി.ജെ.പി.

പട്ടണത്തിലെ ഗതാഗതക്കുരുക്കിനും അപകടത്തിനുമിടയാക്കുന്ന തരത്തിൽ, സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കാനുള്ള തൂണുകൾ നിർമിച്ചത് ഉടൻ മാറ്റണമെന്ന് ബി.ജെ.പി. മട്ടന്നൂർ നിയോജകമണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പരസ്യബോർഡുകൾ സ്ഥാപിക്കാനാണ് നീക്കം. റോഡിൽത്തന്നെ സ്ഥാപിച്ച തൂണുകൾ അപകടത്തിനിടയാക്കും. മട്ടന്നൂർ ടൗണിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ്‌ ഇപ്പോൾത്തന്നെയുള്ളത്. മുൻ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് അധികൃതർ നടത്തുന്നതെന്നും റോഡിൽ ഭീഷണിയായി സ്ഥാപിച്ച തൂണുകൾ സുരക്ഷിതമായി മാറ്റിസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് രാജൻ പുതുക്കുടി അധ്യക്ഷനായിരുന്നു.