പിലാത്തറ : കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ചെറുതാഴം, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ തിരഞ്ഞെടുത്ത വാർഡുകൾ ഉൾപ്പെടുത്തി കർശന നിയന്ത്രണങ്ങളോടെയുള്ള പുതിയ ക്ലസ്റ്റർ സോൺ ആക്കി. പ്രതിരോധ നിയമങ്ങൾ കർശനമാക്കിയുള്ള നിയന്ത്രണങ്ങൾ വെള്ളിയാഴ്ച നിലവിൽവരും. കോവിഡ് പ്രതിരോധത്തെക്കുറിച്ച് ജനപ്രതിനിധികളും പരിയാരം പോലീസും ആരാഗ്യവകുപ്പും ചേർന്ന് നടത്തിയ അവലോകനയോഗത്തിലാണ് തീരുമാനം.

ചെറുതാഴം പഞ്ചായത്തിലെ ഏഴ്, എട്ട്, ഒമ്പത്, 10 വാർഡുകളും കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ ഒമ്പതു മുതൽ 15 വരെ വാർഡുകളും ഉൾപ്പെടുത്തിയാണ് പുതിയ ക്ലസ്റ്ററാക്കിയത്. വെള്ളിയാഴ്ച മുതൽ ഈ പ്രദേശങ്ങളിൽ രാവിലെ 10 മുതൽ മൂന്നുമണിവരെ മാത്രമേ കടകളും മറ്റ്‌ സ്ഥാപനങ്ങളും തുറക്കാൻ അനുവദിക്കൂ. മെഡിക്കൽ കോളേജ് ബസ്‌സ്റ്റോപ്പിലും നിയന്ത്രണങ്ങൾ തുടരും. അവലോകനയോഗത്തിൽ ടി.വി.രാജേഷ് എം.എൽ.എ., പരിയാരം സി.ഐ. കെ.വി.ബാബു, പഞ്ചായത്ത് പ്രസിഡൻറുമാരായ പി.പ്രഭാവതി, ഇ.പി.ബാലകൃഷ്ണൻ, എ.രാജേഷ് എന്നിവർ പങ്കെടുത്തു.

ക്ലസ്റ്റർ പ്രദേശങ്ങൾ പോലീസ് നിരീക്ഷണത്തിൽ

പിലാത്തറ : ചെറുതാഴം, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങൾ ഉൾപ്പെടുത്തി പ്രഖ്യാപിച്ച ക്ലസ്റ്റർ സോൺ പരിയാരം പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. വായനശാലകളും ക്ലബ്ബുകളും തുറന്നിടരുത്. കുളങ്ങളിൽ കൂട്ടത്തോടെ കുളിക്കരുത്. വൈകുന്നേരം കളിസ്ഥലങ്ങളിൽ കൂട്ടംകൂടി കളിയും പാടില്ല. അനാവശ്യയാത്രകൾ അനുവദിക്കില്ല. നിയമം ലംഘിക്കുന്നവർക്കെതിരേ കേസെടുക്കുമെന്ന് പരിയാരം സി.ഐ. കെ.വി.ബാബു പറഞ്ഞു.