പിലാത്തറ : ബൈക്കപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരിച്ച വിളയാങ്കോട് അലക്യംപാലത്തെ അമൽ ജോ അജി (19) യുടെ കോവിഡ് 19 സ്രവപരിശോധനയിൽ ഫലം നെഗറ്റീവ്. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് കോവിഡില്ലെന്ന് സ്ഥിരീകരിച്ചത്.

ബൈക്കിന് പിറകിലിരുന്ന് യാത്രചെയ്യവേ തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ് പരിയാരത്ത് ചികിത്സയിലിരിക്കെ നടത്തിയ സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് കണ്ടതിനാൽ മരണശേഷം വീണ്ടും സ്രവമെടുത്ത് ആലപ്പുഴയിലെ വൈറോളജി ലാബിലേക്കയക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് ഫലം ലഭിച്ചത്.

നേരത്തേ പോസിറ്റീവായതിനാൽ കോവിഡ് പ്രോട്ടോകോൾ പൂർണമായി പാലിച്ച് മാത്രമേ ശവസംസ്കാരം നടത്താൻ പാടുള്ളൂവെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.

മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. വിളയാങ്കോട് വാവാട്ടുതടത്തിൽ അജി-മോളി ദമ്പതിമാരുടെ മകനാണ് അമൽ ജോ അജി.

മൃതദേഹം തിങ്കളാഴ്ച രാവിലെ 10-ന് കോവിഡ് പ്രോട്ടോകോൾ പാലിച്ച് പിലാത്തറ വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ നഴ്‌സിങ്‌ അസിസ്റ്റന്റാണ് അമലിന്റെ പിതാവ് അജി. അമലിന്റെ മരണത്തെ തുടർന്ന് മെഡിക്കൽ കോളേജിലെ ന്യൂറോ പോസ്റ്റ് ഓപ്പറേറ്റീവ് ഐ.സി.യു. അടച്ചിട്ടിരിക്കയാണ്.