പിലാത്തറ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളയാൾക്ക് കോവിഡ് 19 എന്ന സ്ഥിരീകരിക്കാത്ത പ്രചാരണം നാട്ടുകാരെയും കുടുംബത്തെയും ആശങ്കയിലാഴ്ത്തുന്നു.

കണ്ടോന്താറിലെ ഓട്ടോറിക്ഷാഡ്രൈവറുടെ കുടുംബവും സഹപ്രവർത്തകരും നാട്ടുകാരുമാണ് അവ്യക്തതയിൽ വലയുന്നത്.

ഒരാഴ്ച മുൻപേ അപകടത്തിൽപ്പെട്ട ഇദ്ദേഹത്തെ ചൊവ്വാഴ്ച ശസ്ത്രക്രിയയ്ക്കായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

തൊട്ടടുത്ത ദിവസം രാത്രി ഇദ്ദേഹത്തിന്റെ പരിശോധനാഫലത്തിൽ ചില സംശയങ്ങളുണ്ടെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടി.

ഒന്നിച്ചുണ്ടായിരുന്ന ഭാര്യയെ കോളേജ് അധികൃതർ വീട്ടിലെത്തിച്ചു. തുടർന്ന് പോലീസ് ഇവരോട് വീട്ടിൽ കഴിയാൻ നിർദേശവും നൽകി. ഇതാണ് അഭ്യൂഹത്തിന് കാരണമായത്.

അപകടം പറ്റിയ ഉടൻ പയ്യന്നൂരിലെ സ്വകാര്യ ആസ്പത്രിയിൽ കാണിച്ച് വീട്ടിലെ വിശ്രമസമയത്തും തുടർന്ന് പരിയാരത്തെ ആദ്യദിന ചികിത്സയ്ക്കിടയിലും നിരവധി പേർ ഇദ്ദേഹത്തെ കാണാൻ പോയിരുന്നു.

ഇപ്പോൾ ഈ സന്ദർശകരിൽ പലരും പരിഭ്രാന്തിമൂലം ക്വാറൻറീനിൽ കഴിയുകയാണ്. വീട്ടുകാർ രോഗവിവരമടക്കമുള്ള കാര്യങ്ങൾ അറിയാതെ ആശങ്കയിൽ വീട്ടിൽ ഒറ്റപ്പെട്ടനിലയിലുമാണ്.

മെഡിക്കൽ കോളേജ് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ടെസ്റ്റ് റിപ്പോർട്ട് കാത്തിരിക്കുകയാണെന്നാണ് മറുപടി.

ആശങ്കയകറ്റണം

പിലാത്തറ : കണ്ടോന്താറിലെ ഓട്ടോഡ്രൈവറുമായി ബന്ധപ്പെട്ട് പരിയാരത്തെ ചികിത്സക്കിടയിൽ ഉണ്ടായിട്ടുള്ള ആശങ്കയ്ക്ക് പരിഹാരം കാണണമെന്ന് കടന്നപ്പള്ളി പാണപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

കെ.പി. ജനാർദനൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. നിർവാഹകസമിതി അംഗം എം.പി. ഉണ്ണികൃഷ്ണൻ, ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. കെ. ബ്രിജേഷ് കുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, കെ.പി. മുരളീധരൻ, എൻ.വി. രാധാകൃഷ്ണൻ, പി.വി. രാമചന്ദ്രൻ, കെ.കെ.പി. ബാലകൃഷ്ണൻ, കെ.എം. കരുണാകരൻ എന്നിവർ സംസാരിച്ചു.

കരിവെള്ളൂരിൽ സമ്പർക്ക രോഗബാധ

കരിവെള്ളൂർ : കരിവെള്ളൂർ- പെരളം പഞ്ചായത്തിലെ 10-ാം വാർഡിൽ (പലിയേരി) ഒരു യുവതിക്ക് സമ്പർക്കത്തിലൂടെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. രണ്ടാഴ്ച മുമ്പ് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകന്റെ ബന്ധുവാണ് യുവതി. ആരോഗ്യപ്രവർത്തകന് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് അന്നുമുതൽ ക്വാറൻറീനിൽ കഴിയുകയായിരുന്നു. കഴിഞ്ഞ 23-ന് രോഗലക്ഷണം കണ്ടതിനെത്തുടർന്ന് നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. യുവതിയെ അഞ്ചരക്കണ്ടി കോവിഡ് ആസ്പത്രിയിലേക്ക് മാറ്റി. പലിയേരിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.