പിലാത്തറ : കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന കുപ്പം-ചുടല-പാണപ്പുഴ റോഡ് പ്രവൃത്തി പുനരാരംഭിച്ചു. അമ്മാനപ്പാറമുതൽ പാണപ്പുഴപാലംവരെയുള്ള ഏഴ് കിലോമീറ്റർ ആദ്യഘട്ട ടാറിങ്‌ പ്രവൃത്തിയാണ് തുടങ്ങിയത്.

പ്രവൃത്തി നിലച്ചതിനാൽ റോഡ് തകർന്ന് ചെളിക്കുളമായ സ്ഥിതി മാതൃഭൂമി വാർത്തയായപ്പോൾ ടി.വി. രാജേഷ് എം.എൽ.എ. സ്ഥലം സന്ദർശിച്ച് കരാറുകാർക്കും ഉദ്യോഗസ്ഥർക്കും കർശനനിർദേശം നൽകുകയായിരുന്നു.

57.79 കോടി രൂപ ചെലവിലാണ് നിർമാണം. മലയോരമേഖലയിലേക്കുള്ള ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന റോഡാണിത്. മാതമംഗലംമുതൽ ഏര്യംവരെയുടെ ടാറിങ്‌ പ്രവൃത്തിയും ഉടൻ തുടങ്ങും. ടി.വി. രാജേഷ് എം.എൽ.എ., പരിയാരം പഞ്ചായത്ത് പ്രസിഡന്റ് എ. രാജേഷ്, പ്രോജക്ട് എൻജിനീയർ പി.ടി. രത്നാകരൻ എന്നിവർ പ്രവൃത്തി പുനരാരംഭിക്കുന്നതിന് നേതൃത്വം വഹിച്ചു.