പിലാത്തറ : ചെറുതാഴം ക്ഷീരവ്യവസായ സഹകരണ സംഘം നരീക്കാംവള്ളി പടിക്കപ്പാറയിൽ നിർമിച്ച പാൽ സംസ്കരണകേന്ദ്രം പ്രവർത്തനം തുടങ്ങി.

പ്ലാന്റിന്റെ ട്രയൽ റൺ ടി.വി. രാജേഷ് എം.എൽ.എ.യുടെ സാന്നിധ്യത്തിൽ തുടങ്ങി. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വി.വി. പ്രീത, ജില്ലാ ക്ഷീരവികസന ഓഫീസർ രാജശ്രീ കെ. മേനോൻ, ഡി.ഇ.ഒ. പി.വി. ബീന, പഞ്ചായത്ത് പ്രസിഡന്റ്‌ പി. പ്രഭാവതി, ചെറുതാഴം ബാങ്ക് പ്രസിഡന്റ്‌ സി.എം. വേണുഗോപാലൻ കെ.സി. തമ്പാൻ, സെക്രട്ടറി കെ.എം. രാധിക എന്നിവർ സംസാരിച്ചു.

‘ചെറുതാഴം മിൽക്ക്’ എന്ന ബ്രാൻഡിലാണ് പാലും പാലുത്‌പന്നങ്ങളും വിപണിയിലിറക്കുന്നത്. ചെറുതാഴം സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കർ സ്ഥലം 25 വർഷത്തേക്ക് പാട്ടത്തിനെടുത്താണ് രണ്ടുകോടി രൂപ ചെലവിട്ട് ആധുനികരീതിയിലുള്ള പ്ലാൻറ് സ്ഥാപിച്ചത്. ദിവസേന 6000 ലിറ്റർ പാൽ സംസ്കരിച്ച് വിവിധ ഉത്‌പന്നങ്ങൾ ഉണ്ടാക്കാനുള്ള സൗകര്യമാണുള്ളത്.