പിലാത്തറ : കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന കുപ്പം-ചുടല-പാണപ്പുഴ റോഡ് പ്രവൃത്തി വേഗത്തിലാക്കണമെന്ന് ടി.വി. രാജേഷ് എം.എൽ.എ. ആവശ്യപ്പെട്ടു. റോഡ് പ്രവൃത്തിയിലുണ്ടായ കാലതാമസവും കലവർഷമായതിനാലും പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാൽ ഗതാഗതം പ്രയാസമായിരിക്കുകയാണ്. റോഡ് നിർമാണം പൂർത്തിയാകുന്നതുവരെ താത്കാലിക ക്രമീകരണം ഉണ്ടാക്കണമെന്നും സ്ഥലം സന്ദർശിച്ചശേഷം എം.എൽ.എ. ഉദ്യോഗസ്ഥർക്കും കരാറുകാർക്കും നിർദേശം നൽകി.

പൊതുമരാമത്ത് അസി. എക്സി. എൻജിനീയർ കെ.വി. ശശി, കെ. പദ്മനാഭൻ, പൊതുമരാമത്ത് അസി. എൻജിനീയർ സജിത്ത്കുമാർ, പ്രോജക്ട് എൻജിനീയർ പി.ടി. രത്നാകരൻ, കരാറുകാരൻ പി.കെ. സുനാസ് എന്നിവരും എം.എൽ.എ.യ്ക്കൊപ്പം സ്ഥലം സന്ദർശിച്ചു.

റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിവിടാനും കുഴികളിൽ കല്ലുകൾ പാകി ഗതാഗത സംവിധാനം ഉണ്ടാക്കാനും മഴ മാറുന്നതിനനുസരിച്ച് ടാറിങ്‌ പ്രവൃത്തി വേഗത്തിലാക്കാനും എം.എൽ.എ.യും പൊതുമരാമത്ത് ഉദ്യോഗസ്ഥരും കരാറുകാരും തീരുമാനിച്ചു.

ചുടലമുതൽ കച്ചേരിക്കടവ് പാലംവരെ എട്ട് കിലോമീറ്റർ കല്ലുപാകിയെങ്കിലും ടാർ ചെയ്യാത്തതിനാൽ പലയിടത്തും റോഡിലൂടെ യാത്ര ചെയ്യാൻ പറ്റാതായി. കാലവർഷം കനത്തതിനാൽ റോഡ് ചളിക്കുളമാണ്.