പിലാത്തറ : റോഡ് വീതി കൂട്ടൽ പ്രവൃത്തി പാതിവഴിയിലിട്ടതും നിലവിലെ റോഡിന്റെ അറ്റകുറ്റപ്പണി നടത്താത്തതും കാരണം പാണപ്പുഴ വില്ലേജിലെ നാട്ടുകാർ യാത്രാദുരിതത്തിൽ.

പാണപ്പുഴ കച്ചേരിക്കടവ് മുതൽ പറവൂർവരെയുള്ള അഞ്ചുകിലോമീറ്റർ റോഡിന്റെ ശോച്യാവസ്ഥയാണ് നിരവധി ഉൾനാടൻ ഗ്രാമങ്ങൾക്ക് ദുരിതമായത്.

59 കോടി രൂപ ചെലവിൽ തുടങ്ങിയ ചുടല-പാണപ്പുഴ-ഏര്യം ഹൈടെക് റോഡ്പ്രവൃത്തിയുടെ സ്തംഭനാവസ്ഥയാണ് മേഖലയിലെ ജനങ്ങളുടെ യാത്രാക്ളേശത്തിന്‌ കാരണം. മാതമംഗലം-ഏര്യം റോഡുമായി ബന്ധപ്പെട്ട ഈ റോഡിൽ പാണപ്പുഴയ്ക്കും പറവൂരിനുമിടയിൽ വാഹനയാത്രയും കാൽനടയാത്രയും പറ്റാത്ത അവസ്ഥയാണ്. ഇപ്പോൾ ഈ റോഡിൽ ചെറിയ വാഹനങ്ങൾ തീരെ ഓടാത്ത നിലയിലാണ്.

25-ലധികം ബസ് സർവീസുള്ള ഈ റൂട്ടിൽ ബസ് ഓട്ടവും നിലയ്ക്കാവുന്ന അവസ്ഥയിലാണ്. റോഡ് വലിയ കുഴികളും വെള്ളക്കെട്ട് നിറഞ്ഞ് ചളിക്കുളവുമായിരിക്കുകയാണ്. രോഗികളെ ആസ്പത്രിയിൽ എത്തിക്കണമെങ്കിൽ വളരെ ബുദ്ധിമുട്ടുന്നു.

റോഡ് തകർന്നത് കാരണം ഏര്യം-ആലക്കാട്-പറവൂർ പ്രദേശങ്ങളിൽനിന്നും മാതമംഗലത്തേക്ക് വാഹനങ്ങൾ പോകാൻ മടിക്കുന്നു. റോഡ് അടിയന്തരമായി കുഴികളടച്ച് ഗതാഗതയോഗ്യമാക്കുകയും ചുടല-മാതമംഗലം-ഏര്യം റോഡിന്റെ നവീകരണപ്രവൃത്തി എത്രയും വേഗം പൂർത്തീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

ഏര്യം, പറവൂർ ഭാഗങ്ങളിൽനിന്ന് ജനങ്ങൾക്ക് പ്രധാന ടൗണായ മാതമംഗലത്തെത്താൻ കോയിപ്ര, കുറ്റൂർ വഴി 15 കിലോമീറ്റർ ചുറ്റിത്തിരിഞ്ഞ് പോകേണ്ട സ്ഥിതിയാണ്.