പിലാത്തറ : പരിയാരം ഗവ. ആയുർവേദ കോളേജ് ആസ്പത്രി കോവിഡ് സെന്ററാക്കുമ്പോൾ ജനറൽ വാർഡും ഏറ്റെടുക്കുന്നത് രോഗികൾക്ക് ലഭിക്കുന്ന സൗജന്യ ആയുർവേദ ചികിത്സ മുടക്കുമോയെന്ന് ആശങ്ക. നിലവിലുള്ള പൊതുജനാരോഗ്യ സംവിധാനത്തിന്റെ നടത്തിപ്പിനെ ബാധിക്കാത്ത തരത്തിലാകണം പുതിയ കോവിഡ് സെന്ററുകൾ ഏർപ്പെടുത്തുന്നതെന്നാണ് നിർദ്ദേശമെങ്കിലും ജനറൽ വാർഡ് അടക്കം ഏറ്റെടുക്കുന്നതായി കോളേജ് അധികൃതർക്ക് കളക്ടറേറ്റിൽനിന്ന് ലഭിച്ച ഉത്തരവിൽ പറയുന്നു.

പരിയാരത്ത് ആയുർവേദ കോളേജിൽ പേ വാർഡ് കോവിഡ് സെൻററാക്കിയാൽ അത് ഒ.പി. വിഭാഗത്തെയോ ജനറൽ വാർഡ് ഐ.പി. യേയോ ബാധിക്കില്ല. എന്നാൽ, 150 പേരെ കിടത്തിച്ചികിത്സിക്കാൻ സൗകര്യമുള്ള ജനറൽ വാർഡ് കോവിഡ് വാർഡാക്കുമ്പോൾ കിടത്തിച്ചികിത്സ മുടങ്ങുകയും തൊട്ടടുത്തുള്ള ഒ.പി.യിൽ രോഗികൾ വരാൻ മടിക്കുകയുംചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് ഇത്തരം കേന്ദ്രങ്ങളുടെ നിയന്ത്രണമെന്നിരിക്കെ ജനറൽ വാർഡിൽ കിടത്തിച്ചികിത്സ മുടക്കില്ലെന്ന് ജനപ്രതിനിധികൾ വാക്കാൽ പറയുന്നുണ്ട്.

എന്നാൽ ജനറൽ വാർഡ് കോവിഡ് വാർഡാക്കാനുള്ള അലുമിനിയം ഫാബ്രിക്കേഷനടക്കമുള്ള പ്രവൃത്തികൾ തുടങ്ങിക്കഴിഞ്ഞു. അവ്യക്തത കാരണം കിടത്തിച്ചികിത്സ ആവശ്യമുള്ളവരെ അഡ്മിറ്റ് ചെയ്യുന്നത് പരിമിതപ്പെടുത്തിയിരിക്കുയാണിപ്പോൾ. കോവിഡ് സെൻററാക്കുന്നത് എത്രകാലത്തേക്ക് വേണ്ടിവരുമെന്ന് ഉറപ്പില്ലാത്തതിനാൽ ആയുർവേദ ചികിത്സയിൽ നിലവിലുള്ള സൗകര്യങ്ങളെയാകെ താളംതെറ്റിക്കുന്ന സ്ഥിതിയാണെന്ന പരാതി ഉയരുന്നുണ്ട്.