പിലാത്തറ : റോഡും കൾവർട്ടുകളും തകർന്ന് കണ്ടോന്താർ-ചെറുവിച്ചേരി-ഭൂദാനം കോളനി റോഡിൽ യാത്രാദുരിതം. കഴിഞ്ഞവർഷം റോഡ് നിർമാണ ഘട്ടത്തിൽ തന്നെ നിർമാണത്തിലെ അപാകത്തെക്കുറിച്ച് ആരോപണമുയർന്നിരുന്നു. കഴിഞ്ഞ വർഷത്തെ പ്രളയത്തോടെ തകർന്ന റോഡിൽ കുഴികളാണ്. ചുടല-പാണപ്പുഴ റോഡ് പണിക്കുള്ള സാധനങ്ങളുമായി നിത്യേന നിരവധി വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നു.

റോഡിന്റെ ശോച്യാവസ്ഥ കാരണം നിരവധി ഗ്രാമങ്ങളാണ് യാത്രാദുരിതമനുഭവിക്കുന്നത്. റോഡിന്റെ ശോച്യാവസ്ഥ നാട്ടുകാർ പലവട്ടം വകുപ്പ് മേധാവികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയില്ലാതെ കാൽനടയാത്ര പോലും പറ്റാതാവുകയായിരുന്നു.