പിലാത്തറ : കൊറോണ വൈറസ് വ്യാപനം പ്രതിരോധ-നിയന്ത്രണ വ്യവസ്ഥകൾ പാലിക്കാത്തവർക്കെതിരേ കർശന നടപടിയുമായി പരിയാരം പോലീസ്. പൊതുസ്ഥലങ്ങളിലും കച്ചവടകേന്ദ്രങ്ങളിലും ജാഗ്രതക്കുറവ് പ്രകടമായ സാഹചര്യത്തിലാണിത്.

ചെറുതാഴം, കടന്നപ്പള്ളി-പാണപ്പുഴ, പരിയാരം, കുഞ്ഞിമംഗലം പഞ്ചായത്ത് പരിധികളിൽ രാവിലെ ഏഴുമുതൽ വൈകീട്ട് ആറ് വരെ അനുവദിച്ച വ്യാപാരസമയം കഴിഞ്ഞ് കച്ചവടം നടത്തുന്നവർക്കെതിരേ കർശന നടപടിയെടുക്കും. സാമൂഹിക അകലം പാലിക്കാതെ ജനങ്ങൾ കൂട്ടംകൂടി നില്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സ്ഥാപനങ്ങൾ പൂട്ടിക്കും. മാസ്കുകൾ കഴുത്തിനിട്ട് വ്യാപാരികളും അശ്രദ്ധമായി ജനങ്ങളും ഒത്തുകൂടുന്ന സ്ഥിതി അനുവദിക്കില്ല.

വായനശാലകളിലും കവലകളിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഒത്തുകൂടുന്നത് നിയന്ത്രിക്കും. മറുനാടൻ തൊഴിലാളികൾ കൂട്ടമായി അലയുന്നതും ഇവരുടെ താമസസ്ഥലത്തെ ശ്രദ്ധയില്ലായ്മയും നിരീക്ഷണവിധേയമാക്കും.