പിലാത്തറ : ചെറുതാഴം ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ ക്ഷീര വിപ്ലവം പദ്ധതി തയ്യാറായി. ഇതിന്റെ ഭാഗമായി പാൽ സംസ്കരണത്തിന് പിലാത്തറക്കടുത്ത് നരീക്കാംവള്ളിയിൽ ആധുനിക സംവിധാനങ്ങളോടെയുള്ള പാൽ സംസ്കരണ പ്ലാൻറ് ഒരുങ്ങി. രണ്ടുകോടി രൂപ ചെലവിട്ടാണ് പ്ലാൻറ് സ്ഥാപിച്ചത്. ക്ഷീരകർഷകർക്ക് ന്യായമായ വിലയും പ്രോത്സാഹനവും നൽകുന്നതിനും കല്യാശ്ശേരി,തളിപ്പറമ്പ്, പയ്യന്നൂർ ബ്ലോക്കുകളിലെ ക്ഷീര സഹകരണ സംഘങ്ങളുടെ പുരോഗതിയും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി.

ചെറുതാഴം സർവീസ് സഹകരണ ബാങ്കിന്റെ അധീനതയിലുള്ള ഒന്നര ഏക്കർ സ്ഥലം 25 വർഷത്തേക്ക് ലീസിന് എടുത്താണ് പ്ലാൻറ് സ്ഥാപിച്ചത്. ഇവിടെ ദിനംപ്രതി 6000 ലിറ്റർ പാൽ സംസ്കരിച്ച് വിവിധ പാൽ ഉത്‌പന്നങ്ങൾ ഉണ്ടാക്കാനുള്ള സംവിധാനമുണ്ട്. പാൽ, തൈര്, മോര്, നെയ്യ് മുതലായവ "ചെറുതാഴം മിൽക് "എന്ന പേരിൽ ബ്രാൻഡഡ് ഉത്‌പന്നങ്ങളായി വിപണിയിലിറക്കും. പാൽ സംസ്കരണവും വിപണനവും ഉടൻ തുടങ്ങും. ക്ഷീരകർഷകർക്ക് മിൽമ നിരക്കിൽനിന്നും രണ്ടുരൂപ അധികം നൽകിയാണ് പാൽ ശേഖരിക്കുക. കേരള ബാങ്ക്, ചെറുതാഴം സർവീസ് സഹകരണ ബാങ്ക്, ക്ഷീസംഘങ്ങൾ, ക്ഷീരകർഷകർ എന്നിവരുടെ സഹകരണത്തോടെയാണ് സംസ്കരണശാല സ്ഥാപിച്ചത്.

വ്യവസായ വകുപ്പിൽനിന്നുള്ള സഹായവും ലഭ്യമാക്കുന്നുണ്ട്. കർഷകർക്ക് കറവുമാടുകളെ വാങ്ങുന്നതിന് സഹായം, തീറ്റപ്പുൽക്കൃഷി വ്യാപകമാക്കൽ എന്നിവയും പദ്ധതിയുടെ ഭാഗമായുണ്ടാകും. ജില്ലയെ പാൽ സ്വയംപര്യാപ്തമാക്കുന്നതിനും ക്ഷീരകർഷകർക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സംസ്കരണശാലയടക്കമുള്ള ക്ഷീരപദ്ധതികൊണ്ട് ലക്ഷ്യമിടുന്നതായി പ്രസിഡൻറ് കെ.സി.തമ്പാൻ, സെക്രട്ടറി കെ.എം.രാധിക എന്നിവർ പറഞ്ഞു.