കണ്ണൂര്‍: വേതനവര്‍ധന ആവശ്യപ്പെട്ട് ഞായറാഴ്ച മുതല്‍ ജില്ലയിലെ പെട്രോള്‍പമ്പ് ജീവനക്കാരും ഗ്യാസ് ഏജന്‍സിക്കാരും നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് സമരം ഹൈക്കോടതി നിരോധിച്ചു.     ജില്ലയിലെ 136 പെട്രോള്‍ പമ്പുകളിലെയും 38 ഗ്യാസ് ഏജന്‍സികളിലെയും തൊഴിലാളികളാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.

2011ന് ശേഷം തൊഴിലാളികളുടെ വേതനത്തില്‍ വര്‍ധനയുണ്ടായിട്ടില്ല. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി., ബി.എം.എസ്. എന്നീ തൊഴിലാളി സംഘടനകള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തൊഴില്‍ വകുപ്പുമായി പലതവണ ചര്‍ച്ച നടത്തിയിട്ടും പരിഹാരമാവാത്തതിനെ തുടര്‍ന്നായിരുന്നു പണിമുടക്ക് തീരുമാനം. ഇതിനെതിരെ ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്.

മിനിമം വേജസ് നിയമപ്രകാരമുള്ള കൂലി തങ്ങള്‍ നല്‍കുന്നുണ്ടെന്നായിരുന്നു അസോസിയേഷന്റെ നിലപാട്. ഇവരുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി പണിമുടക്ക് തടഞ്ഞുകൊണ്ട് ഉത്തരവിട്ടത്. പണിമുടക്ക് നടത്തുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ കളക്ടര്‍ക്കും ലേബര്‍ ഓഫീസര്‍ക്കും കോടതി നിര്‍ദേശം നല്‍കി. കേസില്‍ കക്ഷികളായ തൊഴിലാളി യൂണിയനുകളോടും സമരത്തില്‍നിന്ന് പിന്തിരിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തൊഴിലാളിസമരത്തിന് വിലക്കേര്‍പ്പെടുത്തിയ ഹൈക്കോടതി നടപടി ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കുന്നതാണെന്ന് സി.െഎ.ടി.യു. ജില്ലാ ജനറല്‍ സെക്രട്ടറി എം.വി.ജയരാജന്‍ പറഞ്ഞു. ജില്ലയിലെ 136 പെട്രോള്‍ പമ്പുകളിലെയും 38 ഗ്യാസ് ഏജന്‍സികളിലെയും മുഴുവന്‍ തൊഴിലാളികളും സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി., ബി.എം.എസ്. എന്നീ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ കൂലിവര്‍ധന ആവശ്യപ്പെട്ടുകൊണ്ടാണ് സമരം പ്രഖ്യാപിച്ചത്. നിയമാനുസൃതമുള്ള പണിമുടക്കുനോട്ടീസ് നല്‍കിയിരുന്നു.

തൊഴില്‍വകുപ്പ് നാലുതവണ അനുരഞ്ജനചര്‍ച്ച നടത്തി. അതിലൊന്നും മാനേജ്മെന്റ് കൂലിവര്‍ധിപ്പിക്കാന്‍ തയ്യാറായില്ല. മുതലാളിമാരുടെ നടപടിയാണ് പണിമുടക്കിലെത്തിച്ചതെന്ന് ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഈ സമരത്തെ വിലക്കുന്ന ഹൈക്കോടതി നടപടി ആരെ സഹായിക്കാനാണെന്നും അദ്ദേഹം ചോദിച്ചു.