കണ്ണൂർ: നഗരമധ്യത്തിലെ പെട്രോൾ പമ്പിൽ രാത്രിയെത്തിയ രണ്ടംഗസംഘം ജീവനക്കാരെ ആക്രമിച്ചു. റെയിൽവേ സ്റ്റേഷൻ റോഡിൽ മുനീശ്വരൻ കോവിൽ പരിസരത്തെ എച്ച്.പി. പമ്പിൽ വ്യാഴാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം.

പമ്പ് മാനേജർ ചേലോറയിലെ നിജിൽ (32), ജീവനക്കാരൻ ചാലാട്ടെ ബിലാൽ (25) എന്നിവർക്കാണ് മർദനമേറ്റത്. സ്കൂട്ടറിലാണ് രണ്ടംഗസംഘമെത്തിയത്. മാനേജറുടെ മുറിയിൽ കയറിയ ഇവർ പമ്പുടമയെക്കുറിച്ച് അന്വേഷിക്കുകയും അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തു. തുടർന്ന് മാനേജരെ കൈയേറ്റം ചെയ്തു.

മാനേജരെ മർദിക്കുന്നത് തടയാനെത്തിയപ്പോഴാണ് ജീവനക്കാരനും മർദനമേറ്റത്. തുടർന്ന് പുറത്തിറങ്ങിയ സംഘം പമ്പിന്‌ കല്ലെറിയുകയും ചെയ്തു. വന്നവരുടെ വിശദാംശങ്ങൾ പമ്പിൽ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

ഒരാൾ മഞ്ഞ ടീഷർട്ടും മറ്റേയാൾ വെള്ള ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. ജീവനക്കാരെ മർദിച്ചയാൾ തൂവാലകൊണ്ട് മുഖം മറച്ച നിലയിലാണ്. പാലക്കാട് സ്വദേശി സതീഷ് കുമാറാണ് പമ്പുടമ. എണ്ണയടിച്ച് വൻ തുക കുടിശ്ശിക വരുത്തിയവരാണ് അക്രമത്തിന് പിന്നിലെന്നാണ് കരുതുന്നത്.