പെരിങ്ങോം: പെരിങ്ങോം സി.ആർ.പി.എഫ്. കേന്ദ്രത്തിൽ പരിശീലനം പൂർത്തിയാക്കിയ ഉത്തർപ്രദേശ് പോലിസിന്റെ പി.എ.സി. വിഭാഗത്തിലെ 320 കോൺസ്റ്റബിൾമാരുടെ പാസിങ്‌ ഔട്ട് പരേഡ് നടന്നു. രാവിലെ സി.ആർ.പി.എഫ്. കേന്ദ്രത്തിൽ നടന്ന പാസിങ്‌ ഔട്ട് പരേഡിൽ യു.പി. പോലീസ് ഡയറക്ടർ ജനറൽ ഗോപാൽ ഗുപ്ത സല്യൂട്ട് സ്വീകരിച്ചു.

ഉത്തർപ്രദേശ് പോലിസിനുവേണ്ടി രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഒരേസമയം പരിശീലനം നടത്തിയവരിൽ ആറു പ്ലാറ്റൂണുകളാണ് പെരിങ്ങോം സി.ആർ.ഫി.എഫ് റിക്രൂട്ട് സെന്ററിൽ 24 ആഴ്ചത്തെ പരിശീലനം പുർത്തിയാക്കി ക്രമസമാധാനപാലനത്തിന് പുറത്തിറങ്ങിയിരിക്കുന്നത്.

സി.ആർ.പി.എഫ്, ഡി.ഐ.ജി.പി. എം.ജെ.വിജയ്, ചീഫ് ട്രെയിനിങ്‌ ഓഫീസർ ഫിറോജ് കുജൂർ, ഡപ്യൂട്ടി കമാൻഡന്റ് പി.കെ. രാജക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. പരിശീലനം പൂർത്തിയാക്കിയ 320 പേരും ഉത്തർപ്രദേശ് പോലീസിൽ വിവിധ സ്ഥലങ്ങളിൽ സേവനമനുഷ്ഠിക്കും.

കണ്ണൂർ എസ്.പി ശിവവിക്രം , പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി.നൂറുദ്ദീൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. വിവിധ സർക്കാർ വകുപ്പിലെ ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, വിവിധ സ്കൂളുകളിലെ എസ്.പി.സി, എൻ.സി.സി. കേഡറ്റുകൾ, നാട്ടുകാർ തുടങ്ങി ഒട്ടേറെപ്പേർ ചടങ്ങിൽ പങ്കെടുത്തു. ഡി.ഐ.ജി.പി. എം.ജെ.വിജയ്, ഡെപ്യൂട്ടി കമാൻഡന്റ് എം.ജെ.റീജൻ, അസി. കമാൻഡന്റ് പി.ടി.സന്തോഷ് എന്നിവർ നേതൃത്വം നൽകി.