കണ്ണൂർ: ഗജ ചുഴലിക്കാറ്റിൽ തകർന്ന ഗ്രാമങ്ങളെ പുനരുദ്ധരിക്കാൻ കണ്ണൂരിൽനിന്ന്‌ പുറപ്പെട്ട കെ.എസ്.ഇ.ബി. പ്രവർത്തകരെ ആദരിച്ചു.

വെള്ളവും വെളിച്ചവുമില്ലാതെ കഴിഞ്ഞിരുന്ന പുതുക്കോട്ട ജില്ലയിലെ ഗ്രാമങ്ങളിലെ ഇരുട്ടകറ്റാൻ അവർ അഞ്ച്‌ ദിനരാത്രങ്ങൾ പണിയെടുത്തു. പത്തുകിലോമീറ്ററോളം വൈദ്യുത ലൈനുകൾ പുനരുദ്ധരിക്കുകയും നൂറിലേറെ വൈദ്യുതത്തൂണുകൾ സ്ഥാപിക്കുകയും ചെയ്തു. കണ്ണൂരിൽനിന്ന്‌ 51 ജീവനക്കാരാണ് പുതുക്കോട്ടയിലെ കീരമങ്കലം പഞ്ചായത്തിൽ എത്തിയത്. ഇവിടത്തെ ജനങ്ങൾ നിറഞ്ഞ സ്നേഹത്തോടെയാണ് തങ്ങളെ യാത്രയാക്കിയതെന്നും പഞ്ചായത്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പുതന്നെ നൽകിയെന്നും സംഘത്തിലെ ടീം ലീഡർമാരിൽ ഒരാളായിരുന്ന പി.രാജീവൻ പറയുന്നു.

ഗജയിൽ തകർന്ന ഗ്രാമങ്ങളെ സഹായിക്കാൻപോയ ഇവരെ കണ്ണൂർ വൈദ്യുതി ഭവനിൽ ആദരിച്ചു. കെ.എസ്.ഇ.ബി.എൽ. ഡയറക്ടർ ഡോ. വി.ശിവദാസൻ യോഗം ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ രഞ്ജിത്ത് വി.ദേവ് അധ്യക്ഷനായിരുന്നു. ജി.പദ്‌മകുമാർ, എ.എസ്.ജോർജ്കുട്ടി, വി.വി.സുനിൽകുമാർ, പി.കെ.സുധർമൻ, ഹരീശൻ മൊട്ടമ്മൽ, കെ.വി.ജനാർദനൻ, സി.കെ.കവിത, എ.എൻ.ശ്രീലാകുമാരി എന്നിവർ സംസാരിച്ചു. ടീം ലീഡർമാരായ പി.രാജീവൻ, ഇ.വി.വിനോദ്കുമാർ എന്നിവർ ദൗത്യസേനാ അംഗങ്ങൾക്കുവേണ്ടി സ്വീകരണത്തിന് നന്ദി പറഞ്ഞു.

Content Highlight: People who helped gaja victims