പഴയങ്ങാടി: എരിപുരം-പാലക്കോട് ആറ് കിലോമീറ്റർ ദൈർഘ്യമുള്ള പൊതുമരാമത്ത് റോഡ് പണി മെല്ലെപ്പോകുന്നതായി ആക്ഷേപം. നിർമാണപ്രവൃത്തിക്കായി കിളച്ചിട്ട ഭാഗത്തുകൂടി വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടിശല്യം രൂക്ഷമാണ്. കുണ്ടും കുഴിയുമാകട്ടെ നടുവൊടിക്കുംവിധത്തിലുമാണ്. 2018 ഡിസംബർ 17-നാണ് ഈ റോഡിന്റെ നിർമാണപ്രവൃത്തി മന്ത്രി ജി.സുധാകരൻ വെങ്ങരയിൽ ഉദ്ഘാടനംചെയ്തത്. 12 കോടി ചെലവഴിച്ചാണ് റോഡ് നവീകരണപ്രവർത്തനങ്ങൾ നടന്നുവരുന്നത്.
പഴയങ്ങാടിയിൽനിന്ന് എരിപുരം വെങ്ങര വഴി സർവീസ് നടത്തുന്ന യാത്രാബസ്സുകളും ഇതുവഴി കടന്നുപോകുന്ന മറ്റ് ചെറുവാഹനങ്ങളും ഇതുവഴി നടന്നുപോകുന്നവരും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. മാടായി വടുകുന്ദ ശിവക്ഷേത്രത്തിൽ ഇപ്പോൾ ഉത്സവം നടക്കുകയാണ്. മാർച്ചിൽ മാടായിക്കാവിലെ പുരോത്സവത്തോടനുബന്ധിച്ച് പൂരംകുളി നടക്കേണ്ടത് വടുകുന്ദ തടാകത്തിലാണ്. വൈകുന്നേരങ്ങളിൽ മാടായിപ്പാറയിലെത്തുന്നവരും പൊടിശല്യംകാരണം വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. നിർമാണപ്രവൃത്തി വേഗത്തിലാക്കി ഇതുവഴിയുള്ള ഗതാഗതം സുഗമമാക്കണമെന്നാണ് ആവശ്യം.