പഴയങ്ങാടി: ജില്ലയുടെ നെല്ലറയെന്നറിയപ്പെടുന്ന ഏഴോം പഞ്ചായത്തിലെ കൈപ്പാട് നിലങ്ങൾ കൊയ്ത്തിനുപാകമായി വിളഞ്ഞു.
മികച്ച വിളവുണ്ടായ ആഹ്ലാദത്തിലാണ് കർഷകരെങ്കിലും കാലംതെറ്റി പെയ്ത മഴ ചിലയിടങ്ങളിലെങ്കിലും പ്രതികൂല സാഹചര്യം സൃഷ്ടിക്കുകയാണ്. തുടർച്ചയായി മഴ പെയ്യുകയാണെങ്കിൽ മലവെള്ളം ഒഴുകിവന്ന് വിളഞ്ഞ് കൊയ്യാൻ പാകമായ നെൽച്ചെടിയുടെ തണ്ട് ഒടിഞ്ഞ് വെള്ളത്തിൽ വീണാൽ പിന്നെ കൊയ്തെടുക്കുക ദുഷ്കരം.
മാത്രമല്ല കർഷകർക്ക് വലിയ നഷ്ടവും സംഭവിക്കും. ഏഴോത്ത് 300 ഹെക്ടറിലധികം സ്ഥലം കൈപ്പാട് കൃഷി ചെയ്യാനനുകൂലമാണെങ്കിലും പല കാരണങ്ങളാൽ നാലിലൊന്ന് ഭാഗങ്ങളിലാണ് കർഷകർ കൃഷിയിറക്കുന്നത്.
കോട്ടക്കീൽ, അകത്തെ കൈ, ചൂട്ടയം കൈപ്പാടുകളിലാണ് ഇപ്പോൾ പ്രധാനമായും വിത്തിറക്കുന്നത്.
വടക്കൻ കേരളത്തിൽ കൃഷിചെയ്യുന്ന സവിശേഷ നെല്ലിനമായ കൈപ്പാട് അരിക്ക് ഭൗമസൂചിക പദവി 2013ൽ ലഭിച്ചിരുന്ന പ്രദേശമാണ് ഏഴോം. ഒരു പ്രദേശത്തിന്റെ സവിശേഷമായ അടയാളങ്ങൾ പേറുന്ന ഉത്പന്നങ്ങൾക്കാണ് ഭൗമസൂചിക പദവി നൽകുക.
നെൽവിത്തുകൾ
പടന്നക്കാട് കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞ ഡോ. ടി.വനജയുടെ മേൽനോട്ടത്തിൽ വികസിപ്പിച്ചെടുത്ത ഏഴോം ഒന്ന്, രണ്ട്, മൂന്ന്, നാല് നെൽവിത്തുകളാണ് ഇപ്പോൾ ഈ മേഖലയിൽ പ്രധാനമായും ഉപയോഗിക്കുന്നത്.
പുതുതായി വികസിപ്പിച്ചെടുത്ത നെൽവിത്തുകളുടെ ചെടികൾ പെട്ടെന്ന് ഒടിഞ്ഞുവീഴാത്തതാണ്. പരമ്പരാഗത വിത്തിനമായ കുതിര് എന്നിവയും ഏഴോത്തെ കൈപ്പാട് നിലങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.