പയ്യന്നൂർ: പയ്യന്നൂരിൽ പ്രവർത്തിച്ചിരുന്ന സെൻട്രലൈസ്ഡ് സ്പോർട്സ്‌ ഹോസ്റ്റൽ പൂട്ടിയത് വിവാദമാവുന്നു. സ്ഥലത്തെ ജനപ്രതിനിധികളറിയാതെയാണ്‌ ഇതെന്നാണ് ആരോപണം. കേരള സ്പോർട്സ് കൗൺസിലിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഹോസ്റ്റലാണ് ജൂലായ് 31-ന് അടച്ചുപൂട്ടിയത്. സ്പോർട്സ് കൗൺസിൽ നേരിട്ടെടുത്ത നടപടി സ്ഥലം എം.എൽ.എ.യെ ഉൾപ്പെടെ അറിയിക്കാതെയാണെന്നും ആക്ഷേപമുണ്ട്. മുമ്പ് നിയമസഭയിൽ ഹോസ്റ്റൽ മാറ്റാൻ ലക്ഷ്യമിടുന്നില്ലെന്ന് മന്ത്രി അറിയിച്ചിരുന്നു.

ഹാൻഡ്‌ബോൾ താരങ്ങൾക്ക് വിദഗ്ധ പരിശീലം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് 2008-ൽ ഹോസ്റ്റൽ സ്ഥാപിച്ചത്. കേരള സ്പോർട്സ് കൗൺസിലിന്റെ കീഴിലായിരുന്നു പ്രവർത്തനം. ആദ്യം കണ്ടങ്കാളിയിലായിരുന്നു കെട്ടിടം. പിന്നീടത് പയ്യന്നൂർ കേളോത്തിന് സമീപത്തേക്ക് മാറ്റി. ഒരു പരിശീലകനെയും പാചകക്കാരനെയും സഹ പാചകക്കാരനെയും നിയമിച്ചിരുന്നു. ഇവരുടെ ശമ്പളവും കെട്ടിടവാടകയും സ്പോർട്സ് കൗൺസിലാണ് നൽകിയത്. ആദ്യകാലത്ത് 35 വിദ്യാർഥികളെ ഇവിടേക്ക് പ്രവേശിപ്പിച്ചിരുന്നു. ഇവർക്കുള്ള ഭക്ഷണവും പഠനം ഉൾപ്പെടെയുള്ള സൗകര്യങ്ങളും സൗജന്യമായിരുന്നു.

കഴിഞ്ഞ രണ്ടുവർഷമായി ഇവിടേക്ക് കായികതാരങ്ങളെ അനുവദിച്ചിരുന്നില്ല. സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽത്തന്നെയാണ് താരങ്ങളെ തിരഞ്ഞെടുക്കുന്നത്. ഹോസ്റ്റൽ കെട്ടിടവും സെക്യൂരിറ്റിയും നിർത്തലാക്കാനുള്ള നടപടി ജില്ലാ സ്പോർട്സ് കൗൺസിൽ സ്വീകരിക്കണമെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറി നിർദേശം നൽകുകയായിരുന്നു. ഹോസ്റ്റലിലെ പരിശീലന ഉപകരണങ്ങളടക്കം കണ്ണൂരിലേക്ക് മാറ്റുകയും ഹോസ്റ്റൽ കെട്ടിടം ഉടമയ്ക്ക് തിരികെ നൽകുകയും ചെയ്തതായി പറയുന്നു.

സ്റ്റേഡിയം നിർമിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടന്നക്കുന്നതിനിടെ

പയ്യന്നൂരിൽ സി.കൃഷ്ണൻ എം.എൽ.എ.യുടെ ഫണ്ടുപയോഗിച്ച് ആധുനികരീതിയിലുള്ള ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നതിനിടയിലാണ് ഹോസ്റ്റൽ പൂട്ടാനുള്ള നീക്കമുണ്ടായത്. സ്റ്റേഡിയം യാഥാർഥ്യമായാൽ എല്ലാവിധ കായിക പരിശീലനത്തിനും ഇവിടെ സംംവിധാനമുണ്ടാകും. എന്നാൽ, ഹോസ്റ്റൽ അടച്ചുപൂട്ടിയാൽ പിന്നീടത് അനുവദിച്ചുകിട്ടുന്നതിന് പ്രയാസമാകുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ അടച്ചുപൂട്ടിയതിനെതിരേ പ്രതിഷേധമുയരുകയാണ്.