കണ്ണൂർ: വടികുത്തി നടന്നുനീങ്ങുന്ന ഗാന്ധിജി. തൊട്ടടുത്ത് വെള്ളരിപ്രാവ്. യാത്രയുടെ പ്രതീകം പോലെ ഭൂഗോളവും. കനത്ത മഴയെ വകവെക്കാതെ പയ്യാമ്പലത്ത് ഒരുക്കിയ മണൽശില്പം ശ്രദ്ധേയമായി.

‘ജയ്ജഗത് 20-20’ സാർവദേശീയ പദയാത്രയുടെ ഭാഗമായി കണ്ണൂർ പയ്യാമ്പലം ബീച്ചിലാണ് വിശ്വശാന്തി മണൽ ശില്പം ഒരുക്കിയത്. വയനാട് തട്ടുപ്പാറ സ്വദേശികളായ ബിനു, പ്രജിത് എന്നിവരാണ് ശില്പികൾ.

പ്രൊഫ. ബി.മുഹമ്മദ്അഹമ്മദ് ശില്പം അനാവരണം ചെയ്തു. കെ.പി.പ്രശാന്ത്, ഫാ. സ്കറിയ കല്ലൂർ, അഡ്വ. ബിനോയ് തോമസ്, പവിത്രൻ തില്ലങ്കേരി, പി.സതീഷ്‌കുമാർ, ഷമീൽ ഇക്ബാൽ, എം.കെ.ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു.

ഗാന്ധിയനും ഏകതാപരിഷത്ത് സ്ഥാപകനുമായ ഡോ. പി.വി.രാജാഗോപാൽ നയിക്കുന്ന സാർവദേശീയ പദയാത്രയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജില്ലയിൽ വിവിധ പരിപാടികൾ നടത്തുന്നുണ്ട്.