കണ്ണൂർ: ചെങ്കല്ല് പാകി മിനുക്കിയെടുത്ത ആനക്കുളത്തിനരികിൽ പാർക്ക് ഒരുക്കാൻ കോർപ്പറേഷന്റെ പദ്ധതി. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 17 ലക്ഷം രൂപ ചെലവിലാണ് പാർക്ക് ഒരുക്കുന്നത്. മാലിന്യവും പായലും നിറഞ്ഞ ആനക്കുളം രണ്ടുവർഷം മുൻപാണ് നവീകരിച്ചത്.

ഓപ്പറേഷൻ അനന്ത പദ്ധതിയിൽ നിർമിതികേന്ദ്രയാണ് പണി തീർത്തത്. ഇത് നാടിന് സമർപ്പിക്കുന്ന ഘട്ടത്തിൽ നവീകരണം കൊണ്ട് ഉത്തരവാദിത്വം തീരില്ലെന്നും അത് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കൂടി കോർപ്പറേഷനുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഒർമിപ്പിച്ചിരുന്നു. അതാണ് ഇപ്പോൾ നടപ്പാവുന്നത്.

നഗരത്തിന്റെ പ്രധാനഭാഗത്ത് സ്ഥിതിചെയ്യുന്ന ആനക്കുളത്തിലേക്ക് ആളുകളെ ആകർഷിക്കുകയാണ് ലക്ഷ്യം. ഇതിന്റെഭാഗമായി ഇരിപ്പിടങ്ങളും വൈദ്യുതവിളക്കുകളും സ്ഥാപിക്കും. സോളാർ സംവിധാനത്തിലായിരിക്കും വൈദ്യുതീകരണം. പരിസരത്ത് മരങ്ങളും ചെടികളും പുൽത്തകിടിയും വെച്ചുപിടിപ്പിക്കും. സുരക്ഷാ ഉദ്യോഗസ്ഥർക്കായി പ്രത്യേക കാബിൻ സ്ഥാപിക്കും. കാസ്റ്റ് അയേൺ കൊണ്ടുള്ള ഇരിപ്പിടങ്ങൾ, ബെഞ്ചുകൾ എന്നിവയാണ് ഒരുക്കുന്നത്. ആനക്കുളത്തിനുമുന്നിലെ കാർ പാർക്കിങ് സ്ഥലം ഒഴിച്ചിട്ട് ഉള്ളിലും പുറത്തുമായാണ് സൗകര്യങ്ങൾ ഒരുക്കുക.

ഓപ്പറേഷൻ അനന്ത പദ്ധതി വഴി രണ്ടുകോടി രൂപ മുടക്കിയാണ് ആനക്കുളം നവീകരിച്ചത്. 2016 ഓഗസ്റ്റ് 13-ന് മുഖ്യമന്ത്രിയാണ് നവീകരിച്ച ആനക്കുളത്തിന്റെ സമർപ്പണം നടത്തിയത്. 2015 നവംബറിൽ അന്നത്തെ മന്ത്രി കെ.സി.ജോസഫായിരുന്നു നവീകരണപ്രവൃത്തി ഉദ്ഘാടനം ചെയ്തത്. ഒരുകാലത്ത് പ്രദേശത്തെ ജലസ്രോതസ്സായിരുന്നു ആനക്കുളം. വർഷങ്ങളായി പായലും മാലിന്യങ്ങളും മൂടിക്കിടക്കുകയായിരുന്നു. ആ കുളമാണ് മാതൃകാപരമായി വീണ്ടെടുത്ത് പുനർനിർമിച്ചത്.

പടവുകൾ ചെത്തിക്കെട്ടുകയും ചുറ്റുമതിൽ നിർമിക്കുകയും വെള്ളം ശുചീകരിക്കുകയും ചെയ്തതോടെ ആളുകൾക്ക് വന്നിരിക്കാൻ നഗരത്തിലുള്ള സ്ഥലമായി ആനക്കുളം മാറി. എന്നാൽ, ഇരിപ്പിടങ്ങളും മറ്റ് സൗകര്യങ്ങളും ഇല്ലാത്തത് പ്രശ്നമായിരുന്നു. ഇതിനാണ് ആനക്കുളം ഒരു പാർക്ക് കൂടി ആകുന്നതോടെ പരിഹാരമാകുന്നത്.