പാപ്പിനിശ്ശേരി: കീച്ചേരിയിൽ എ.ടി.എം. കവർച്ച ശ്രമം നടന്ന കൗണ്ടർ വളപട്ടണം പോലീസും എസ്.ബി.ഐ.യുടെ കോഴിക്കോട് ആസ്ഥാനമായ എൻ.സി.ആർ. എ.ടി.എം. കമ്പനി എൻജിനീയറിങ് വിദഗ്ധരും ചേർന്ന് പരിശോധിച്ചു. എ.ടി.എമ്മിന്റെ അനുബന്ധ സാമഗ്രികൾ തകർത്തെങ്കിലും പണം അപഹരിച്ചിട്ടില്ലെന്ന് വിദഗ്ധരുടെ പരിശോധനയിൽ വ്യക്തമായി.

സമീപത്തെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കാര്യമായ തെളിവുകൾ ലഭിച്ചിട്ടില്ലായെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

മൊബൈൽ ടവർ കേന്ദ്രീകരിച്ച് കവർച്ചശ്രമം നടന്ന സമയത്തെ ഫോൺകോളുകൾ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.

എ.ടി.എം. കമ്പനി ഏരിയ മാനേജർ എ.പ്രമീഷിന്റെ നേതൃത്വത്തിലുള്ള സംഘം വളപട്ടണം പോലീസിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്.

എ.ടി.എം. പ്രവർത്തനക്ഷമമാകണമെങ്കിൽ ഇനിയും ഒരാഴ്ചയോളം വേണ്ടിവരുമെന്ന്‌ സംഘം അറിയിച്ചു. എ.ടി.എം. കൗണ്ടറിലെ ക്യാമറ, മോഡം, ബാറ്ററികൾ എന്നിവ അഴിച്ചെടുത്ത് സമീപത്തെ അരയാൽ വേരുകൾക്കുള്ളിൽ മൂടിവെച്ച നിലയിലാണ് ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്.