പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി. റോഡ് തുറന്നി‌ട്ട് രണ്ടു വർഷം കഴിഞ്ഞിട്ടും 21 കിലോമീറ്റർ ദൈർഘ്യമുള്ള റോഡരികിലെ ഓവുചാലിന്റെ പ്രവൃത്തി പല സ്ഥലത്തും ഇപ്പോഴും പാതിവഴിയിലാണ്. ഇതു സംബന്ധിച്ച് പലതവണ പരാതികൾ നൽകിയിട്ടും ഫലമുണ്ടായില്ല.

മെക്കാഡം ടാറിടലും ബസ് ബേകളും റോഡിന്റെ ഇരുഭാഗത്തും ഒരു മീറ്റർ വീതിയിൽ നടപ്പാതയും അതിന് പുറത്ത് അടപ്പള്ള ഓവു ചാലുകളുമാണ് വിഭാവനം ചെയ്തിരുന്നത്. 2018-ലാണ് റോഡ് തുറന്നത്. അതിനുശേഷം മാസങ്ങൾ കഴിഞ്ഞാണ് റോഡ് ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനസമയത്ത് തന്നെ പല പ്രവൃത്തികളും പാതിവഴിയിലായിരുന്നു. എന്നാൽ ഓവുചാലുകൾ റോഡിന്റെ ഭൂരിഭാഗം സ്ഥലത്തും നിർമിച്ചെങ്കിലും മുകളിൽ കോൺക്രീറ്റ് സ്ലാബ് വെക്കാത്ത ഭാഗങ്ങൾ ഏറെയാണ്. പാപ്പിനിശ്ശേരി വെസ്റ്റ്, കരിക്കൻകുളം, കൊട്ടപ്പാലം, ഇരിണാവ്, കണ്ണപുരം എന്നിവിടങ്ങളിലെല്ലാം ഇതേ പ്രശ്നങ്ങൾ നിലനിൽക്കുകയാണ്. ആറടിയിലധികം താഴ്ചയുള്ള ഓവുചാലിൽ വീണ് അപകടം സംഭവിക്കുന്നതും കെ.എസ്.ടി.പി. റോഡരികിലെ പതിവുകാഴ്ചയാണ്.

റോഡിന്റെ ഇരുവശങ്ങളിലും ഹരിതവീഥിയും സുരക്ഷാ ക്യാമറ ഘടിപ്പിക്കൽ പദ്ധതിയും നടപ്പാക്കുമ്പോൾ ഓവുചാലുകളുടെ നിർമാണവും പൂർത്തിയാക്കാൻ ജനപ്രതിനിധികൾ ഉണർന്നുപ്രവർത്തിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

പ്രശ്നം പരിഹരിക്ക‌ണം-കോ‌ൺഗ്രസ്

പ്രശ്നം പരിഹരിക്കുന്നതിന് ജനപ്രതിനിധികളും സർക്കാരും തയ്യാറാകണമെന്ന് വിവിധ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാർ ആവശ്യപ്പെട്ടു. കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കാപ്പാടൻ ശശിധരൻ, എം.സി.ദിനേശൻ, കൂനത്തറ മോഹനൻ, രാജേഷ് പാലങ്ങാട്, ഷാജി കല്ലേൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.