പാപ്പിനിശ്ശേരി : സ്വന്തമായി ഒരാട് എന്ന സ്വപ്നവുമായാണ് കഴിഞ്ഞ പത്തുവർഷമായി സ്കൂളിൽപോലും മുഹമ്മദ് സിനാൻ എത്തുന്നത്. പാപ്പിനിശ്ശേരി ഗവ. ഹയർ സെക്കൻഡറിയിൽനിന്ന്‌ പത്താംതരം വിജയിച്ച സിനാൻ ജന്മനാ ഭിന്നശേഷിക്കാരനാണെങ്കിലും ഒരേയൊരു ചിന്ത ആടിനോടൊപ്പം ചെലവഴിക്കുകയെന്നതാണ്. സ്വന്തം വീട്ടിൽ ആടില്ലെങ്കിലും അയൽവീട്ടിലേയും മറ്റും ആടുകൾക്ക് തീറ്റ തേടി അവ ശേഖരിച്ച് കൊടുക്കുന്നുമുണ്ട്.

സ്കൂളിൽനിന്ന്‌ വന്നാലും ഒഴിവുസമയം പൂർണമായും അയൽപക്കത്തെ വീട്ടിലുള്ള ആടിന് ഇലകൾ ശേഖരിച്ച് ബാഗിലാക്കി കൊണ്ടുപോകുകയാണ് പ്രധാന ജോലി. സ്കൂൾ വിട്ടുപോകുമ്പോഴും ആടിന്റെ തീറ്റയാണ് സിനാന്റെ കണ്ണുകൾ തേടിയിരുന്നത്.

സഹപാഠിയുടെ ആടിനോടുള്ള മമത മനസ്സിലാക്കിയ സ്കൂൾ പോലീസ് കോർ കേഡറ്റുകൾ സിനാൻ എസ്.എസ്.എൽ.സി. പഠനം പൂർത്തിയാക്കാൻ കാത്തിരിക്കുകയായിരുന്നു.

നിർധനകുടുംബാംഗമായ സിനാന് ഇതിലൂടെ ഉപജീവനമാർഗം ഉണ്ടാവട്ടെ എന്ന ആശയത്തിലൂടെയാണ് കുട്ടിപ്പോലീസുകാർ പദ്ധതി ആലോചിച്ച് നടപ്പിലാക്കിയത്. സിനാനെ കേന്ദ്രകഥപാത്രമായി സ്കൂൾ അധ്യാപിക എസ്. ശ്രീലേഖ എഴുതിയ കഥയ്ക്ക് കഴിഞ്ഞവർഷം സംസ്ഥാനത്ത് രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു.

വളപട്ടണം സി.ഐ. എം. കൃഷ്ണൻ, എ.എസ്.ഐ. രാജൻ കോട്ടമല, കമ്യൂണിറ്റി പോലീസ് ഓഫിസർ എൻ.പി. ബിനീഷ്, പി.വി. റമീസ എന്നിവയുടെ നേതൃത്തിലാണ് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. ബുധനാഴ്ച രാവിലെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുഹമ്മദ് സിനാന്റെ ഇരിണാവിലുള്ള വീട്ടിൽ നടന്ന ചടങ്ങിലാണ് ആടിനെ കൈമാറിയത്. ചടങ്ങിൽ അധ്യാപകരു പി.ടി.എ. പ്രതിനിധികളും പങ്കെടുത്തു.