പാപ്പിനിശ്ശേരി : ഉറവിടമറിയാത്ത കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച പാപ്പിനിശ്ശേരി പഞ്ചായത്തിലെ കീച്ചേരി ടൗൺ പൂർണമായി അടച്ചിട്ടു. അടുത്ത ഒരാഴ്ച അടച്ചിടാനാണ് പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്തിന്റെ തീരുമാനം. കീച്ചേരിയിലും പരിസരപ്രദേശങ്ങളിലും സ്ഥിരസാന്നിധ്യമായ വയോധികന് കോവിഡ് പോസിറ്റീവ് കണ്ടെത്തിയതോടെയാണ് പ്രദേശത്ത് ഭീതി ഉയർന്നത്. ജൂലായ് 20-ന് കീച്ചേരിയിൽ ബൈക്കിടിച്ചതിനെത്തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോഴാണ് രോഗനിർണയം നടത്തിയത്.

രോഗം എങ്ങനെ ബാധിച്ചു എന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇദ്ദേഹവുമായി അപകടം നടക്കുന്നതിന് മുൻപുപോലും ബന്ധപ്പെട്ട നിരവധി പേരാണ് പരിസരപ്രദേശങ്ങളിലുള്ളത്. പ്രദേശത്തെ കടകളുമായും ഇദ്ദേഹത്തിന് നേരിട്ട് സമ്പർക്കമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കീച്ചേരി ടൗൺ പൂർണമായി അടച്ചിടാൻ അധികൃതർ തീരുമാനിച്ചത്.

അപകടം നടന്ന ഉടനെ പരിക്കേറ്റയാളെ ആസ്പത്രിയിൽ എത്തിച്ച ഓട്ടോറിക്ഷഡ്രൈവറും ബൈക്ക് യാത്രക്കാരും നേരിട്ടുള്ള സമ്പർക്കപ്പട്ടികയിലുണ്ട്. കൂടാതെ രോഗിയെ ആദ്യം എ.കെ.ജി. ആസ്പത്രിയിലും പിന്നീട് കണ്ണൂർ ജില്ലാ ആസ്പത്രിയിലും എത്തിച്ചിരുന്നു. അവിടെനിന്നാണ് പരിയാരത്തേക്ക് മാറ്റിയത്. സെക്കൻഡറി സമ്പർക്കപ്പട്ടികയിലുള്ള നാൽപതോളം പേർ ഇതിനകം പാപ്പിനിശ്ശേരി സാമൂഹികാരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്കപ്പട്ടിക വളരെ വിപുലമാണ്. പലരും ആരോഗ്യവകുപ്പുമായി ബന്ധപ്പെടാത്തതും പ്രതിരോധപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നതായി അധികൃതർ വ്യക്തമാക്കി.

കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച വ്യക്തി സമ്പർക്കംപുലർത്തിയ കീച്ചേരി ടൗൺ മാത്രമാണ് അടച്ചിടാൻ തീരുമാനിച്ചതെങ്കിലും പോലീസ് പാപ്പിനിശ്ശേരി പഞ്ചായത്തിലെ മറ്റു ഭാഗങ്ങളിൽ തുറന്ന കടകൾ അടയ്ക്കാൻ നിർബന്ധിച്ചതായും വ്യാപാരികൾ ആക്ഷേപം ഉയർത്തിയിട്ടുണ്ട്.

കോൾമൊട്ടയിൽ കോവിഡ് സമ്പർക്കഭീതി

ധർമശാല : ശനിയാഴ്ച രാത്രി ആന്തൂർ നഗരസഭയിലെ കോൾമൊട്ടയിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത യുവാവിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ പ്രദേശമാകെ കടുത്ത ജാഗ്രതയിലായി. യുവാവ് എത്തിയ സമയത്ത് വിവാഹവീട്ടിലുണ്ടായിരുന്നവരാണ് ക്വാറന്റീനിലായത്. ഇതിൽ വധൂവരന്മാരും ഉൾപ്പെടും.

കോടല്ലൂർ സ്വദേശിയായ യുവാവ് ഗൾഫിലേക്ക് പോകാനായി പരിശോധന നടത്തിയപ്പോഴാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുനടന്ന വിവാഹത്തിലാണ് യുവാവും പങ്കെടുത്തത്. ഏതാനും മാസംമുൻപ് ഗൾഫിൽനിന്ന്‌ വന്നതായിരുന്നു യുവാവ്.

രോഗത്തിന്റെ ഉറവിടമറിയാതെ രോഗം കണ്ടെത്തിയതോടെ പ്രദേശത്ത് ആരോഗ്യവകുപ്പ് കടുത്ത നിയന്ത്രണം ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ്.