പാപ്പിനിശ്ശേരി : കീച്ചേരിയിലെ സ്ഥിരസാന്നിധ്യമായ വ്യക്തിക്ക് ചികിത്സയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ചതോടെ കീച്ചേരി ടൗൺ പൂർണമായി അടച്ചിടാൻ പഞ്ചായത്തധികൃതർ തീരുമാനിച്ചു. വെള്ളിയാഴ്ച ബൈക്കിടിച്ച് പരിക്കേറ്റ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചയാൾക്കാണ് കോവിഡ് പോസിറ്റീവായത്.

അപകടത്തിൽപ്പെടുന്നതുവരെ കീച്ചേരി, വേളാപുരം പ്രദേശങ്ങളിലെ പൊതു ഇടങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു ഇദ്ദേഹം. മരണവീടുകൾ, കടകൾ എന്നിവിടങ്ങളിലൊക്കെ സന്ദർശിച്ചതായി വ്യക്തമായതോടെയാണ് പ്രദേശം പൂർണമായി അടിച്ചിടാനുള്ള തീരുമാനമെടുത്തത്. രോഗത്തിന്റെ ഉറവിടം ഇനിയും വ്യക്തമാകാത്ത പശ്ചാത്തലത്തിലാണ് ജാഗ്രതാ നടപടി.

പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ രോഗിയുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കിവരികയാണ്. വളപട്ടണം പാലത്തിനും പാപ്പിനിശ്ശേരിക്കും ഇടയിൽ ദേശീയപാതയോരത്തെ കക്ക, കല്ലുമ്മക്കായ വിൽപ്പനയും തട്ടുകടകളുടെ പ്രവർത്തവും നിർത്തിവെക്കാനും തീരുമാനിച്ചുണ്ട്.

കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ട് ബന്ധപ്പെട്ടവരുണ്ടെങ്കിൽ പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്തിന്റെ ജാഗ്രതാ പ്രവർത്തനങ്ങളുമായി പൂർണമായി സഹകരിക്കാനും സാമൂഹിക അകലം കർശനമായി പാലിക്കാനും പഞ്ചായത്ത് പ്രസിഡന്റ് അഭ്യർഥിച്ചു.

പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡൻറ് കെ.നാരായണൻ, മെഡിക്കൽ ഓഫീസർ ഡോ. ഷാഹിന ഭായ്, പഞ്ചായത്ത് സെക്രട്ടറി കെ.വി. പ്രകാശൻ, വളപട്ടണം പോലീസ്, റവന്യൂ അധികൃതർ തുടങ്ങിയവരും പങ്കെടുത്തു. അടച്ചിടലിനെക്കുറിച്ച് പ്രദേശത്ത് മൈക്ക് പ്രചാരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.