പാപ്പിനിശ്ശേരി : പഞ്ചായത്ത് പരിധിയിലെയും സമീപത്തേയും 90 പേർക്ക് കോവിഡ് പരിശോധന നടത്തി. മുഴുവൻ പേരുടെയും ഫലം നെഗറ്റീവാണ്. സാമൂഹിക വ്യാപനം ഉണ്ടോ എന്നറിയുന്നതിനാണ് അരോളി ഗവ. ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ പരിശോധന നടത്തിയത്. സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ടവരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. മാങ്ങാട്ടുപറമ്പ് കെ.എ.പി. ക്യാമ്പിലെ മുപ്പതോളം പോലീസുകാരും ഇതിൽ ഉൾപ്പെടും.

പാപ്പിനിശ്ശേരിയിൽ ആദ്യ സമ്പർക്കരോഗി: ഒട്ടേറെപ്പേർ നിരീക്ഷണത്തിലാകും

പാപ്പിനിശ്ശേരി : പഞ്ചായത്തിൽ ആദ്യമായി സമ്പർക്കത്തിലൂടെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. കീച്ചേരിക്ക് സമീപത്തെ കൂലിപ്പണിക്കാരനായ മധ്യവയസ്കനാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെ ചികിത്സയ്ക്കിടയിലെ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്.

20-ന് രാത്രി കീച്ചേരിയിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു. പരിക്ക് അതി ഗുരുതരമാണ്. കീച്ചേരിയിലും പരിസരങ്ങളിലും സജീവ സാന്നിധ്യമായ ആൾക്ക് രോഗം സ്ഥിരീകരിച്ചതോടെ ഒട്ടേറെപ്പേർ നിരീക്ഷണത്തിൽ പോകേണ്ടിവരും. വേളാപുരം ഭാഗത്ത് മരണം നടന്ന വീടുകളിലും പൊതുസ്ഥലങ്ങളിലും അപകടത്തിൽപ്പെടുന്നതുവരെ ഇദ്ദേഹത്തിന്റെ സജീവ സന്നിധ്യമുണ്ടായിരുന്നു. രോഗത്തിന്റെ ഉറവിടം വ്യക്തമാകാത്തതും ആശങ്ക ഉയർത്തിയിട്ടുണ്ട്.