പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി-പഴയങ്ങാടി കെ.എസ്.ടി.പി. റോഡിന്റെ തുടക്കത്തത്തിലുള്ള ഒരു കിലോമീറ്റർ പ്രദേശത്ത് അനധികൃത പാർക്കിങ്ങും മാലിന്യം തള്ളലും.

ചില സമയങ്ങളിൽ നിരവധി ലോറികളാണ് റോഡിന്റെ ഇരുഭാഗത്തും നിർത്തിയിടുന്നത്. അന്യസംസ്ഥാന ലോറി തൊഴിലാളികൾ മലമൂത്ര വിസർജനവും പാതയോരത്ത് തന്നെയാണ് നടത്തുന്നത്.

പ്രദേശം പഞ്ചായത്തിന്റെ നിരീക്ഷണ കാമറയ്ക്കും പുറത്തായതിനാൽ രാത്രി ഇതേ സ്ഥലത്ത് വൻ തോതിലാണ് മാലിന്യം തള്ളുന്നത്. പാതയുടെ ഇരുഭാഗത്തും നിറയെ മലമൂത്രം നിറഞ്ഞതിനാൽ പ്രദേശത്തുകൂടി കാൽ നടയാത്ര ദുസ്സഹമാണ്. ഒപ്പം തെരുവുനായ്ക്കളുടെ സങ്കേതം കൂടിയായി മാറുകയാണ് പാതയോരം. പ്രശ്നത്തിൽ പഞ്ചായത്തധികൃതരും വളപട്ടണം പോലീസും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.