പാപ്പിനിശ്ശേരി : മഴ കനത്തതോടെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്തെ റോഡുകളും സ്ഥാപനങ്ങളും വെള്ളക്കെട്ടിലായി. പ്രദേശത്തെ ഓടകളും തോടുകളും മാലിന്യം നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടതോടെയാണ് മലിനജലം റോഡിലും ഇ.എസ്.ഐ. ആസ്പത്രി പരിസരത്തും കെട്ടിക്കിടക്കുന്നത്.

കഴിഞ്ഞ നിരവധി വർഷങ്ങളായി ഇതേ ദുരവസ്ഥ മഴക്കാലത്ത് പതിവായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന്‌ ഒരുതരത്തിലുള്ള പരിഹാരമാർഗങ്ങളും നടപ്പാക്കുന്നില്ലെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആക്ഷേപം.

റെയിൽവേ സ്റ്റേഷൻ റോഡ് പരിസരത്തെ ഇ.എസ്.ഐ. ആസ്പത്രിയിൽ നിത്യേന നൂറുകണക്കിന് തൊഴിലാളി രോഗികളാണ് ചികിത്സതേടി എത്തുന്നത്. ആസ്പത്രിയുടെ ചുറ്റും മഴ തുടങ്ങിയാൽ മാലിന്യംനിറഞ്ഞ വെള്ളക്കെട്ടാണ്. വെള്ളിയാഴ്ച രാവിലെ ആസ്പത്രിയിലേക്കുള്ള റോഡിൽ ഒന്നര അടിയിലധികമാണ് വെള്ളക്കെട്ടുണ്ടായത്. ആസ്പത്രിക്ക് ചുറ്റുമുള്ള വെള്ളക്കെട്ട് മൂലം പ്രദേശം പ്രധാന കൊതുകുവളർത്തൽ കേന്ദ്രം കൂടിയായി മാറി.

കടകളിലും വെള്ളം കയറി

റെയിൽവേ സ്റ്റേഷൻ റോഡിൽ രണ്ടടിയിലധികം വെള്ളമാണ് കെട്ടിനിൽക്കുന്നത്. ഇതോടൊപ്പം പാപ്പിനിശ്ശേരി മാർക്കറ്റ് റോഡിൽ കടകളിലേക്കും വെള്ളം കയറിയതിനെ തുടർന്ന് തുറന്ന് പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. മാർക്കറ്റ് റോഡിലെ ഓടകൾ അടഞ്ഞ് വർഷങ്ങൾ ഴെിഞ്ഞിട്ടും വേനൽക്കാലത്ത് വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കാൻ നടപടി സ്വീകരിക്കാത്തതും പ്രശ്നം രൂക്ഷമാക്കുകയാണ്.

അറവ്ശാലയടക്കം പ്രവർത്തിക്കുന്ന മാർക്കറ്റിൽനിന്നുള്ള മാലിന്യം ഓടകളിൽ കെട്ടിക്കിടക്കുമ്പോൾ ഗുരതരമായ പകർച്ചവ്യാധി ഭീഷണിയും പ്രദേശത്ത് നിലനിൽക്കുകയാണ്.

വർഷങ്ങളായിട്ടും പ്രശ്നപരിഹാരമില്ലറെയിൽവേ അടിപ്പാതയിൽപാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി റെയിൽവേ അടിപ്പാതയിൽ വീണ്ടും പതിവ് ദുരിതം . പാതയിൽ രണ്ടരയടിയോളമാണ് വെള്ളം നിറഞ്ഞത്. തുടർന്ന് നാട്ടുകാർ അടിപ്പാതയിലൂടെയുള്ള വാഹന ഗതാഗതം വിലക്കി. അടിപ്പാത നിർമിക്കുമ്പോൾ സമീപത്തുകൂടി കടന്നുപോകുന്ന തോട് സമാന്തരമായി നിർമിക്കാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. പലപ്പോഴും തോട്ടിലെ വെള്ളം പാതയിലേക്കും ഒഴുകിവരുന്നതോടെയാണ് യാത്ര ദുസ്സഹമാക്കുന്നത്. അടിപ്പാതയുടെയും തോടിന്റെയും നിർമാണഘട്ടത്തിൽ തന്നെ നിർമാണത്തിന്റെ അശാസ്ത്രീയത നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അവയൊന്നും പരിഗണിക്കാതെയാണ് നിർമാണം നടത്തിയത്.