പാപ്പിനിശ്ശേരി : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ കഴിഞ്ഞദിവസം അന്തരിച്ച പാപ്പിനിശ്ശേരി ഇല്ലിപ്പുറം സ്വദേശി പോരയിൽ കുഞ്ഞിരാമൻ നമ്പ്യാരുടെ മൃതദേഹം സംസ്കരിച്ചു. പാപ്പിനിശ്ശേരി വെസ്റ്റിലെ സമുദായ ശ്മശാനത്തിൽ കോവിഡ് പ്രോട്ടോക്കൾ അനുസരിച്ച് പ്രത്യേക വൊളന്റിയർമാരുടെ നേതൃത്വത്തിലാണ് സംസ്കാരച്ചടങ്ങുകൾ നടത്തിയത്. പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രത്യേക നിർദേശപ്രകാരം പഞ്ചായത്തംഗമാണ് മൃതദേഹം ആസ്പത്രിയിൽനിന്ന് ഏറ്റുവാങ്ങിയത്. തുടർന്ന് ബന്ധുക്കളുടെ ആഗ്രഹപ്രകാരമാണ് സമുദായ ശ്മശാനത്തിൽത്തന്നെ സംസ്കാരച്ചടങ്ങുകൾ ആചാരപ്രകാരം നടത്തിയത്.

കരസേനയിൽനിന്ന് വിരമിച്ച ശേഷം നമ്പ്യാർ കണ്ണൂർ ഡിഫൻസ് കോറിലും തുടർന്ന് ഡൽഹി ഡിഫൻസ് കോറിലും അക്കൗണ്ട്സ് വിഭാഗത്തിൽ ഉദ്യോഗസ്ഥനായും സേവനമനുഷ്ഠിച്ചു. മകളുടെകൂടെ താമസിക്കുന്നതിനിടയിലാണ് ജൂൺ 14-ന് ഡൽഹിയിൽനിന്ന് നാട്ടിലെത്തിയത്. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്നാണ് പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സതേടിയത്. അതിനിടയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. തുടർന്ന് രോഗം ഭേദമായെങ്കിലും മറ്റു രോഗങ്ങളാണ് ജീവനെടുത്തത്.