പാപ്പിനിശ്ശേരി : ദീർഘകാലമായി തകർന്നുകിടക്കുന്ന പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷൻ-പാളിയത്ത് വളപ്പ് റോഡ് പ്രവൃത്തിയെ ലോക്ക് ഡൗൺ കുടുക്കി. ഈ വർഷം ഫെബ്രുവരിയിൽ പ്രവൃത്തി തുടങ്ങിയെങ്കിലും മാർച്ച് മൂന്നാമത്തെ ആഴ്ചയോടെ പ്രവൃത്തികളെല്ലാം നിർത്തിവെക്കുകയായിരുന്നു. തുടർന്ന് ജൂണിൽ തുടങ്ങിയ പ്രവൃത്തി മഴ തടസ്സപ്പെടുത്തി. ഓവുചാലുകൾക്കായി എടുത്ത കുഴികളിൽ വെള്ളക്കെട്ടുണ്ടായിട്ടും ഓവുചാൽ നിർമാണം ഇപ്പോഴും നടക്കുന്നുണ്ട്. എന്നാൽ പഴഞ്ചിറ മുതൽ പാപ്പിനിശ്ശേരി ലിജിമവരെ തകർന്ന റോഡിലെയും അരികിലെയും വെള്ളക്കെട്ട് കാരണം പ്രവൃത്തി നടത്തിയാലും ഓവുചാലുകളുടെ ഭിത്തികൾക്ക് ബലക്ഷയമുണ്ടാകുമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇതോടൊപ്പം റോഡിലെ കലുങ്കുകളുടെ നിർമാണവും പാതിവഴിയിലാണ്.

ഇരുഭാഗത്തും ഓവുചാലുകൾ നിർമിച്ച് റോഡ് ഉയർത്തി ടാറിട്ട് നവീകരിക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ കരാർ.

എട്ടുകോടിയോളം രൂപയാണ് റോഡ് നവീകരണത്തിനും അനുബന്ധ പ്രവൃത്തികൾക്കും നീക്കിവെച്ചിട്ടുള്ളത്. ബസ്സുകളടക്കം സർവീസ് നടത്തുന്ന റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. ജപ്പാൻ കുടിവെള്ളപദ്ധതിക്കായി റോഡിന്റെ ഒരുഭാഗം വെട്ടിപ്പൊളിച്ചത് മൂലം കഴിഞ്ഞ രണ്ടുവർഷമായി പൂർണമായി തകർന്ന നിലയിലാണ്. അതോടൊപ്പം റോഡാകെയുള്ള വലിയ കുഴികളും വാഹനയാത്ര പൂർണമായും ദുസ്സഹമാക്കിയിട്ടുണ്ട്.