പാപ്പിനിശ്ശേരി : അഴീക്കോട് മൂന്നുനിരത്തിന് സമീപം പാപ്പിനിശ്ശേരി എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 10 കിലോയിലധികം നിരോധിത പുകയില ഉത്പന്നശേഖരം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് മൂന്നുനിരത്ത് സ്വദേശി ചൂട്ടുകാടൻ വീട്ടിൽ അഹമ്മദ് കുട്ടി (75) പിടിയിലായി. സ്ഥലത്തെ കസ്തൂരി ചിക്കൻസ്റ്റാളിന്റെ മറവിലാണ് ദീർഘകാലമായി നിരോധിത ഉത്‌പന്നങ്ങളുടെ കച്ചവടം നടത്തിയിരുന്നതെന്ന് എക്സൈസ് റെയ്ഞ്ച് ഓഫീസർ എ.ഹേമന്ത് കുമാർ പറഞ്ഞു. ഇവ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്.

കോട്പ നിയമപ്രകാരം കേസെടുത്ത് പിഴയീടാക്കി. പ്രതിയുടെ പേരിൽ ദീർഘകാലമായി പരാതി ഉയർന്നിരുന്നു. മംഗളൂരുവിൽനിന്ന് കടൽമാർഗമാണ് ഇവയെത്തിക്കുന്നതെന്ന് എക്സൈസ് സംഘം പറഞ്ഞു. വിദ്യാർഥികളെ കേന്ദീകരിച്ചാണ് വിപണനം കൂടുതലും.

എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ് തൂണോളി, കെ.സി.ഷിബു, സിവിൽ എക്സൈസ് ഓഫീസർമാരായ വി. നിഷാദ്, സി.ജിതേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വി.കെ.ഷൈന എന്നിവരുമുണ്ടായിരുന്നു.