പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി. റോഡിൽ തിങ്കളാഴ്ച പ്രവർത്തനം തുടങ്ങിയ നിഗ്നൽ സംവിധാനം രാത്രിയോടെ പണിമുടക്കി. സാങ്കേതികത്തകരാറാണ് കാരണമെന്ന് പോലീസ് അറിയിച്ചു. അശാസ്ത്രീയമായും മുന്നറിയപ്പില്ലാതെയുമാണ് സിഗ്നൽ സ്ഥാപിച്ചതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.

സിഗ്നൽ ഉള്ളതറിയാതെ തിങ്കളാഴ്ച രാവിലെ മുതൽ വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടിയത് ഇരിണാവ് കവലയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു. തുടർന്ന് പ്രദേശവാസികളും ഓട്ടോ ഡ്രൈവർമാരും ചേർന്ന് സിഗ്നൽ നിലവിൽവന്ന കാര്യം വാഹന ഡ്രൈവർമാരെ വിളിച്ച് അറിയിച്ചു. ദീർഘസമയം കവലയിൽ ഗതാഗത ക്കുരുക്കും അനുഭവപ്പെട്ടു. ഇരിണാവ് റെയിൽവേ ഗേറ്റ് ഭാഗത്തുനിന്ന് ഇരിണാവ് ഡാം ഭാഗത്തേക്കും തിരിച്ചും വരുന്ന വാഹനങ്ങൾ കുറവായതിനാൽ നിശ്ചിത സമയം കഴിയുന്നതുവരെ പഴയങ്ങാടി ഭാഗത്തേക്കും കണ്ണൂർ ഭാഗത്തേക്കും പോകേണ്ട വാഹനങ്ങൾ അനാവശ്യമായി കാത്തിരിക്കേണ്ടിവരുന്നതായി ഡ്രൈവർമാർ പറഞ്ഞു. സിഗ്നൽ സ്ഥാപിച്ച സ്ഥലത്ത് റോഡുകൾക്ക് വീതി കുറവായതിനാൽ പിൻഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് സിഗ്നൽ അനുസരിച്ച് പോകാനും പറ്റുന്നില്ല.

കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് സിഗ്നൽ സംവിധാനം ഏർപ്പെടുത്തിയത്. റോഡ് തുറന്നുകൊടുത്തിട്ടും ഇത് പ്രവർത്തനക്ഷമമാക്കാൻ അധികൃതർക്ക് സാധിച്ചില്ല. തുടർന്നാണ് മുന്നറിയിപ്പില്ലാതെ കഴിഞ്ഞദിവസം പ്രവർത്തനം തുടങ്ങിയത്. അതിനാകട്ടെ ഉണ്ടായത് ഒറ്റദിവസത്തെ ആയുസ്സും.