പാപ്പിനിശ്ശേരി: ശുചിത്വമിഷൻ, ക്ലീൻ കേരള കമ്പനി എന്നിവയുമായി സഹകരിച്ച് മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്ത് പാഴ്‌വസ്തു ശേഖരിക്കലിൽ ലക്ഷ്യം നേടി. ‘ക്ലീൻ പാപ്പിനിശ്ശേരി’ എന്ന സന്ദേശം ഉയർത്തി വീടുകളിൽനിന്ന് ശേഖരിച്ച പാഴ്‌വസ്തുക്കളായ ബാഗ്, ചെരിപ്പ്, സി.എഫ്.എൽ. ബൾബ്, ട്യൂബ് ലൈറ്റ്, കുപ്പികൾ എന്നിവ ക്ലീൻ കേരള കമ്പനി മുഖേന എറണാകുളത്തുള്ള കെയ്ൽ എന്ന സ്ഥാപനത്തിലേക്ക് കയറ്റിഅയച്ചു.

പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്ത് മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി 11, 12 തീയതികളിൽ ആരോഗ്യജാഗ്രത എന്ന പേരിൽ കാമ്പയിൻ സംഘടിപ്പിക്കുകയും ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ അജൈവ മാലിന്യം വീടുകളിൽനിന്ന് ശേഖരിച്ച് അവ തരംതിരിച്ച് പ്രത്യേകം പ്രത്യേകം പായ്ക്കറ്റുകളിൽ സൂക്ഷിക്കുകയും ചെയ്തിതിരുന്നു.

പഞ്ചായത്ത് തീരുമാനപ്രകാരം പഞ്ചയത്ത് പരിധിയിലുള്ള വീടുകളിൽനിന്ന് പാഴ് വസ്തുക്കൾ മേയ് 22, 23 തീയതികളിലാണ് ശേഖരിച്ചത്. പ്രചാരണത്തിന് ഫെയ്‌സ്ബുക്ക്, വാട്സാപ്പ് മുതലായ സാമൂഹിക മാധ്യമങ്ങളും ഉപയോഗ പ്പെടുത്തി. കൂടാതെ പഞ്ചായത്ത് മെമ്പർമാർ സന്ദേശം വീടുകളിൽ നേരിട്ട് എത്തിക്കുകയും ചെയ്തു.

ശേഖരിച്ചത് 10 ടൺ പാഴ്‌വസ്തുക്കൾ

ഏകദേശം 10 ടൺ പാഴ്‌വസ്തുക്കളാണ് പൊതുജനങ്ങൾ പഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് എത്തിച്ചത്. അവ തരംതിരിക്കുന്നതിന് ഗ്രാമപ്പഞ്ചായത്ത് ദിവസവേതനത്തിൽ തൊഴിലാളികളെ നിയമിക്കുകയും അവർ തരംതിരിച്ച് ചാക്കുകളിലാക്കി ശുചിത്വമിഷൻ ഏർപ്പെടുത്തിയ ലോറികളിൽ കയറ്റിഅയക്കുകയും ചെയ്തു.