പാപ്പിനിശ്ശേരി: തുരുത്തി കുടിൽകെട്ടി സമരം നൂറാം ദിവസത്തിലേക്ക്. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന ചർച്ച പ്രതീക്ഷാനിർഭരമെന്ന് ചർച്ചയിൽ പങ്കെടുത്ത കർമസമിതി കൺവീനർ കെ.നിഷിൽ കുമാർ പറഞ്ഞു. തുരുത്തിയിലെ കോളനിയും ക്ഷേത്രവും മണ്ണിട്ടുമൂടാൻ ശ്രമിച്ച ശക്തികൾക്കെതിരേ നടത്തുന്ന ധാർമിക സമരത്തിന്റെ വിജയത്തിലേക്കുള്ള തുടക്കമാണ് ഡൽഹി തീരുമാനമെന്ന് കുടിൽകെട്ടി സമരപ്പന്തലിലെ കോളനി നിവാസികളും പറഞ്ഞു.

ശനിയാഴ്ച കണ്ണൂരിൽ തുരുത്തി കോളനി നിവാസികളുമായി ചർച്ചയ്ക്ക് ഡെപ്യൂട്ടി കളക്ടർ യോഗം വിളിച്ചിരുന്നു.

യോഗത്തിൽ തുരുത്തിയിൽനിന്ന്‌ സമരസമിതി നേതാക്കളടക്കം പത്തോളം പേർ എത്തിയെങ്കിലും അവസാന നിമിഷം യോഗം മാറ്റിവെച്ചതായി അറിയിക്കുകയായിരുന്നു. ദേശീയപാതാ വികസനത്തിൽ വേളാപുരം മുതൽ വളപട്ടണം വരെയുള്ള ഭാഗത്താണ് പുതിയ അലൈൻമെന്റ് പ്രകാരം തർക്കമുണ്ടായത്. ആദ്യത്തെ രണ്ട് അലൈൻമെന്റിലും പെടാത്ത വീടുകളാണ് പുതിയ സർവേയിൽ ഉൾപ്പെട്ടത്. ഇതിൽ തുരുത്തിയിൽമാത്രം 27 വീടുകളും വേളാപുരത്ത് 20 വീടുകളുമാണ് ഉൾപ്പെട്ടത്.

കഴിഞ്ഞദിവസം ഡൽഹിയിൽ നടന്ന ചർച്ചയിൽ വേളാപുരത്തെ കർമസമിതിയെ പ്രതിനിധീകരിച്ച് സി.പി.രാജനും തുരുത്തിയെ പ്രതിനിധീകരിച്ച് കെ.നിഷിൽകുമാറുമാണ് പങ്കെടുത്തത്. ചർച്ചയ്ക്കൊടുവിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന് നൽകിയ കത്തിൽ കീഴാറ്റുരിലെ വയൽക്കിളി, വേളാപുരം, തുരുത്തി കർമസമിതി നേതാക്കളും ഒപ്പ് വെച്ചിരുന്നു.