കല്യാശ്ശേരി: കൃഷിഭവനിൽനിന്ന് മേൽത്തരം വിത്തുകൾ വാങ്ങി വിത്തിറക്കിയത് മുളച്ചപ്പോൾ കാണാനായത് വരിനെല്ലെന്ന് ആക്ഷേപം. കല്യാശ്ശേരി, പാപ്പിനിശ്ശേരി പഞ്ചായത്ത് പരിധിയിലെ കർഷകരാണ് പരാതിയുമായി രംഗത്തെത്തിയത്.
കല്യാശ്ശേരി മണക്കുളങ്ങര ക്ഷേത്രത്തിന് സമീപത്തും പാപ്പിനിശ്ശേരി പഞ്ചായത്ത് പരിധിയിലെ മേച്ചറ വയലിലുമാണ് വ്യാപകമായി നെൽക്കൃഷി വരിനെല്ല് കൃഷിയായത്. ഇരുപാടശേഖരങ്ങളിലുമായി എട്ടേക്കർ നെൽക്കൃഷിയാണ് മുഴുവൻ വരിനെല്ല് പാടമായത്.
ലക്ഷക്കണക്കിന് രൂപ ചെലവാക്കി ഞാറ്റടി തയ്യാറാക്കിയാണ് കൃഷിചെയ്തത്. എന്നാൽ, ഞാറ്റടികൾ വളർന്നപ്പോൾ അവയെല്ലാം വരിനെല്ലായാണ് വിളഞ്ഞുനിൽക്കുന്നത്.
കർഷകർ പൂർണമായി നെൽക്കൃഷിയോട് വിടപറഞ്ഞപ്പോൾ കൃഷിയോടുള്ള താത്പര്യമാണ് കുറേ കർഷകർക്ക് കണ്ണീർ സമ്മാനിച്ചത്. ടി.രാജീവൻ, ടി.ശോഭന, പൂഞ്ഞത്ത് നാരായണൻ, വേലിക്കാത്ത് ഉഷ, തുത്തി അജിത, കെ.സുകേശൻ തുടങ്ങി പത്തോളം കർഷകരുടെ പാടങ്ങളിലാണ് മുഴുവൻ വരിനെല്ലായത് .
ഉമ, ജ്യോതി തുടങ്ങിയ നെല്ലിനങ്ങളാണ് കൃഷിക്ക് ഉപയോഗിച്ചത്. കർഷകർ കൃഷിവകുപ്പിനും കൃഷിമന്ത്രിക്കും പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ്. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഗൗരവമായി പരിശോധിക്കുമെന്നും കൃഷിവകുപ്പധികൃതർ പറഞ്ഞു.