കരിവെള്ളൂർ: കരിവെള്ളൂർ-പെരളം പഞ്ചായത്തിലെ നെല്ലറയാണ് കുണിയൻ. എന്നാൽ വർഷങ്ങളായി കുണിയനിലെ വയലുകളിൽനിന്ന് കർഷകർ കൊയ്തെടുക്കുന്നത് ദുരിതങ്ങൾ മാത്രം. ഉപ്പുവെള്ളമാണ് കർഷകരുടെ പ്രധാന ശത്രു. ഉപ്പുവെള്ളത്തെ പേടിച്ച് ഭൂരിഭാഗം കർഷകരും ഇത്തവണ കൃഷിചെയ്തില്ല. കൃഷിയോടുള്ള അമിത താത്‌പര്യംകൊണ്ട് മാത്രം പലരിൽനിന്നും കടംവാങ്ങി കൃഷിയിറക്കിയവരുടെ കാര്യം ഇത്തവണ കൂടുതൽ ദുരിതത്തിലായി.
ചെറീല തെക്കനംകൂർ പാടശേഖരത്തിലെ ഭൂരിഭാഗം കൃഷിയും ഉപ്പുവെള്ളം കയറിയതുമൂലം കരിഞ്ഞുണങ്ങി. നെൽച്ചെടികൾക്ക് കതിരുകൾ വന്ന ശേഷമാണ് ഉപ്പുവെള്ളത്തിന്റെ പ്രശ്നമുണ്ടായത്. ഉപ്പുവെള്ളം കെട്ടിനിന്നതുമൂലം നെന്മണികൾ മുഴുവൻ പതിരായെന്നുമാത്രമല്ല ചെടികൾ മുഴുവൻ കരിഞ്ഞുണങ്ങി. ഉപ്പുവെള്ളം കയറിയ വയലുകളിലെ പുല്ല് കന്നുകാലികൾ പോലും തിന്നില്ലെന്ന് കർഷകർ പറയുന്നു.
നെൽച്ചെടികളെല്ലാം വയലിൽെവച്ചുതന്നെ കത്തിക്കുക മാത്രമേ നിവൃത്തിയുള്ളൂവെന്നാണ് കർഷകരുടെ അഭിപ്രായം. ഉപ്പുവെള്ളം കർഷകരുടെ ഉറക്കംകെടുത്താൻ തുടങ്ങിട്ട് വർഷങ്ങളായി. കാര-തലിച്ചാലം പാലത്തിന് സമീപത്തെ തടയണ തകർന്നതോടെയാണ് കുണിയനിലെ കർഷകരുടെ ശനിദശ തുടങ്ങിയത്. വർഷങ്ങൾ കഴിഞ്ഞിട്ടും തടയണ നിർമിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
ഉപ്പുവെള്ളം തടയുന്നതിന് മുങ്ങം പാലത്തിനുസമീപം തടയണ കെട്ടുന്നതിന് 65 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മുങ്ങത്ത് തടയണ വന്നാൽ ചെറീല തെക്കനംകൂർ പാടശേഖരത്തിന്റെ കിഴക്കുഭാഗത്തെ വയലുകളെയെങ്കിലും സംരക്ഷിക്കാൻ കഴിയും. എന്നാൽ, കാരതലിച്ചാലം തടയണ പുനർനിർമിച്ചാൽ മാത്രമേ കുണിയൻ കാറമേൽ, ഈയ്യക്കാട് അന്നൂർ ഭാഗങ്ങളിലെ വയലുകളിലെ ഉപ്പുവെള്ളപ്രശ്നം പൂർണമായി പരിഹരിക്കാൻ കഴിയൂ.