ഇരിട്ടി: ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ ഓണത്തിന് ഒരുകൊട്ടപ്പൂവ് പദ്ധതിയിൽനിന്നുള്ള പൂക്കൾ ഓണം വിപണിയിലേക്കെത്തുന്നു. കൃഷിഭവൻ മുഖേന നടപ്പാക്കിയ കൃഷിയുടെ വിളവെടുപ്പുത്സവം

തില്ലങ്കേരിയിൽ വ്യാവസായ മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.

ഓണത്തിന് പരമാവധി പ്രദേശികമായ പൂക്കൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ജില്ലാ പഞ്ചായത്ത് 75 ശതമാനം സബ്‌സിഡി നിരക്കിൽ കൃഷിഭവൻ മുഖേനയാണ് സ്വയംസഹായസംഘങ്ങൾക്ക് കൃഷിക്കാവശ്യമായ ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തത്. തില്ലങ്കേരിയിൽ പനക്കാട് ക്ഷേത്രപരിസരത്തും മച്ചൂർ മലയിലുമായി മൂന്ന് ഏക്കറോളം സ്ഥലത്താണ് പൂക്കൃഷി ഒരുക്കിയത്. തില്ലങ്കേരി പനക്കാട് ക്ഷേത്രപരിസരത്ത് നടന്ന വിളവെടുപ്പുത്സവച്ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ ആദ്യവില്പന നടത്തി.

ചടങ്ങിൽ അന്താരാഷ്ട്ര നാളികേരദിനത്തിന്റെ ഭാഗമായി കർഷകർക്കുള്ള തെങ്ങിൻതൈ വിതരണോദ്ഘാടനം ജില്ലാ പ്രൻസിപ്പൽ കൃഷി ഓഫീസർ ലാൽ ടി.ജോർജ് നിർവഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ എ.കെ.വിജയൻ, ആത്മ ഡി.പി.ഡി. രമേഷ്ബാബു, ഹരിത കേരളമിഷൻ ജില്ലാ കോ-ഓഡിനേറ്റർ ഇ.കെ.സോമശേഖരൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.കെ.സുരേഷ്ബാബു, തോമസ് വർഗീസ്, അൻസാരി തില്ലങ്കേരി, കെ.പി.ജയബാലൻ, തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഭാഷ്‌ തുടങ്ങിയവർ പ്രസംഗിച്ചു.